മണിപ്പൂര്‍ കലാപം: കേന്ദ്ര സര്‍ക്കാറിനും ആര്‍.എസ്.എസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി 'കത്തോലിക്ക സഭ'

മണിപ്പൂര്‍ കലാപം: കേന്ദ്ര സര്‍ക്കാറിനും ആര്‍.എസ്.എസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി 'കത്തോലിക്ക സഭ'

ഇംഫാല്‍: മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും നേരെയുള്ള അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനും ആര്‍.എസ്.എസിനുമെതിരെ ആഞ്ഞടിച്ച് തൃശൂര്‍ അതിരൂപതയുടെ മുഖപത്രം 'കത്തോലിക്ക സഭ'. ക്രൈസ്തവരെയും ദേവാലയങ്ങളെയും തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുന്നു. പല ദേവാലയങ്ങള്‍ക്കും ഇതിനോടകം കേടുപാടുകളും നാശനഷ്ടങ്ങളും വരുത്തി. വിശ്വാസത്തെ ഹനിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഈ വിഷയത്തില്‍ ഇടപെട്ട് കൃത്യമായ പരിഹാരം കാണുവാന്‍ ഭരണകര്‍ത്താക്കള്‍ക്ക് സാധിക്കുന്നില്ല.

കൂടാതെ, കലാപത്തിന് അനുകൂലമായി സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതിലൂടെ പ്രശ്നം ആകസ്മികമായിരുന്നില്ലെന്നു തന്നെയാണ് വെളിവാക്കുന്നതെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. കലാപത്തിന് തിരികൊളുത്തിയ ഹൈക്കോടതിയുടെ സംവരണ വിധിക്ക് പിന്നില്‍ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി ഭരണത്തിന്റെ സ്വാധീനം ഉണ്ടെന്ന സംശയവും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ അമേരിക്ക പോലും ഉത്കണ്ഠ പ്രകടിപ്പിച്ചു. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൗനത്തെയും എഡിറ്റോറിയല്‍ വിമര്‍ശിച്ചു. മോഡി ഓസ്ട്രേലിയയില്‍ ക്ഷേത്രങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളില്‍ അവിടത്തെ പ്രധാനമന്ത്രിയുമായുള്ള സന്ദര്‍ശനത്തിനിടയില്‍ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ദേവാലയങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ മൗനം പാലിക്കുകയാണ് ചെയ്തത്.

മണിപ്പൂര്‍ അക്രമത്തിന് പിന്നില്‍ ക്രൈസ്തവ സഭയാണെന്ന് ആര്‍എസ്എസ് അവരുടെ മുഖപത്രത്തിലൂടെ വിളിച്ചു പറയുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കുക. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ ഒരുപക്ഷേ ഒരു സൗകര്യവും ഇല്ലാത്ത ഇടങ്ങളില്‍ പോയി ആ പ്രദേശത്തെ ജനതയെ കരുതുകയും അവരുടെ ആവശ്യങ്ങളില്‍ അവര്‍ക്ക് തുണയേകുന്ന പ്രവര്‍ത്തനങ്ങളിലൂടെ അവരെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നവരാണ് ക്രൈസ്തവ സഭയും സഭയിലെ മേല്‍പട്ടക്കാര്‍ മുതല്‍ സന്യാസ സമൂഹം വരെ.

ആരോരുമില്ലാത്തവരെയും നിരാലംബരെയും പരിപാലിക്കുന്നതിനൊപ്പം രോഗികളെ ശുശ്രൂഷിച്ച് അവരുടെ മുറിവ് കെട്ടുന്ന സ്നേഹത്തിന്റെ ഉത്തമ മാതൃകയാകുന്ന ഒരു സമൂഹത്തെ കേവലം മതപരിവര്‍ത്തനത്തിന്റെ പേരില്‍ അപഹാസ്യപ്പെടുത്തുന്നത് ഭൂഷണമല്ല.

കൂടാതെ, അക്രമങ്ങളെ അഴിച്ചു വിടുന്നവരെന്നും മുദ്ര കുത്തുമ്പോള്‍ പ്രാര്‍ത്ഥനയോടെ തങ്ങളുടെ ജീവിതം സേവനത്തിനായി സമര്‍പ്പിച്ചവരാണെന്ന് ഭരണകൂടം അറിയാതെ പോകുന്നു. മണിപ്പൂരില്‍ സംവരണവുമായി ബന്ധപ്പെട്ട് രണ്ടു വിഭാഗങ്ങള്‍ക്കിടെയിലെ തര്‍ക്കം സംഘര്‍ഷമായി മാറിയപ്പോള്‍ എത്ര പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

'വിദ്വേഷം വിജയമല്ല' എന്ന തലക്കെട്ടാണ് മുഖപ്രസംഗത്തിനു നല്‍കിയത്. ആ തലക്കെട്ടില്‍ പരാമര്‍ശിക്കുന്ന പോലെ വിദ്വേഷം വിജയമാകില്ലെന്നു ഭരണകൂടം എപ്പോള്‍ തിരിച്ചറിയുന്നുവോ അപ്പോള്‍ മാത്രമാകും മണിപ്പൂര്‍ ശാന്തമാകുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.