കോൺഗ്രസ് ബ്ലോക്ക് പട്ടികയിൽ ഇടപെടില്ലെന്ന് ഹൈക്കമാൻഡ്; പ്രശ്നം കേരളത്തിൽ തന്നെ പരിഹരിക്കണം

കോൺഗ്രസ് ബ്ലോക്ക് പട്ടികയിൽ ഇടപെടില്ലെന്ന് ഹൈക്കമാൻഡ്; പ്രശ്നം കേരളത്തിൽ തന്നെ പരിഹരിക്കണം

ന്യൂഡൽഹി: കേരളത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടേണ്ടെന്ന തീരുമാനത്തിൽ ഹൈക്കമാൻഡ്. പട്ടിക പുറത്തിറക്കുമ്പോൾ തങ്ങളോട് കൂടിയാലോചിച്ചില്ലെന്ന എ, ഐ ഗ്രൂപ്പുകളുടെ പരാതി കേരളത്തിൽ തന്നെ പരിഹരിക്കണമെന്നാണ് ഉന്നത നേതൃത്വത്തിന്റെ നിലപാട്.

പട്ടികയിലെ എ, ഐ ഗ്രൂപ്പുകളുടെ പരാതി നേതാക്കൾ കേരളത്തിന്റെ ചുമതലയുള്ള പ്രതിനിധി താരിഖ് അൻവറിനെ അറിയിച്ചിരുന്നു. എ ഗ്രൂപ്പിന്റെ അഭിപ്രായം എം.എം. ഹസനും ബെന്നി ബഹനാനും ഐ ഗ്രൂപ്പിന്റെ നീരസം രമേശ് ചെന്നിത്തലയുമാണ് താരിഖിനെ അറിയിച്ചത്. ഇക്കാര്യത്തിൽ നേതാക്കൾക്ക് താരിഖ് ഉറപ്പൊന്നും നൽകിയില്ലെങ്കിലും പരിശോധിക്കാം എന്നറിയിച്ചു. 

എന്നാൽ ഇത്തരം പ്രശ്നങ്ങൾ സംസ്ഥാനങ്ങളിൽ തന്നെ പരിഹരിക്കണമെന്ന നിലപാടാണ് ഉന്നത നേതൃത്വത്തിനുള്ളത്. ബ്ലോക്ക് പുനസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എഐസിസി ഇടപെടേണ്ട കാര്യമില്ലെന്നും അത്‌ സംസ്ഥാനതലത്തിൽതന്നെ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും സംഘടനാച്ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

വിഷയത്തിൽ എ, ഐ ഗ്രൂപ്പുകൾ തിരുവനന്തപുരത്ത് യോഗം ചേർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക്‌ പരാതിനൽകാൻ തീരുമാനിച്ചതിനു പിന്നാലെയാണ് വേണുഗോപാലിന്റെ പ്രതികരണം.

അതേസമയം കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പൂർണ പിന്തുണ നൽകുന്ന നിലപാടാണ് താരിഖ് അൻവറിന്റേത്. ഇക്കാര്യം അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെക്കുകയും ചെയിതു. 

കേരളത്തിൽ പുനസംഘടന നടന്നത് ജനാധിപത്യ രീതിയിലാണ്. ജില്ലാതലത്തിൽ സമിതികളുണ്ടാക്കി ഏകകണ്ഠേനയാണ് അംഗങ്ങളുടെ തിരഞ്ഞെടുപ്പെന്നും ഗ്രൂപ്പ്‌ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.