കേരളസഭയിലെ ഒൻപത് മെത്രാന്മാര്‍ക്കെതിരെ വ്യാജ രേഖ: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കേരളസഭയിലെ ഒൻപത്  മെത്രാന്മാര്‍ക്കെതിരെ വ്യാജ രേഖ: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി : സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ മൂന്ന് വൈദികരും ഒരു വിദ്യാര്‍ത്ഥിയും ഉള്‍പ്പടെ നാലു പേരാണ് പ്രതി സ്ഥാനത്ത്.

കേസില്‍ മെത്രാന്മാരും വൈദികരുമടക്കം 87 സാക്ഷികളുണ്ട്. ഫാ. ടോണി കല്ലൂക്കാരന്‍ ഒന്നാം പ്രതി, ഫാ. പോള്‍ തേലക്കാട്ട് രണ്ടാം പ്രതി, ഫാ. ബെന്നി മാരാംപറമ്പില്‍ മൂന്നാം പ്രതി കോന്തുരുത്തി സ്വദേശിയും വിദ്യാര്‍ത്ഥിയുമായ ആദിത്യന്‍ നാലാം പ്രതി എന്നിങ്ങനെയാണ് കുറ്റ പത്രം സമര്‍പ്പിച്ചിട്ടുള്ളത്. തുടക്കത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന ആദിത്യന്റെ സഹായി വിഷ്ണു റോയി കേസിലെ മാപ്പു സാക്ഷിയായി.

കേരളസഭയിലെ ഒൻപത് മെത്രാന്‍ മാര്‍ക്കെതിരെ വ്യാജ രേഖ ഉണ്ടാക്കി ഇവര്‍ക്ക് കള്ളപ്പണ ഇടപാടുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്നാണ് കുറ്റപത്രം പറയുന്നത്. മാര്‍ ആലഞ്ചേരിയോടുള്ള വ്യക്തി വൈരാഗ്യവും സീറോ മലബാര്‍ സഭയ്ക്ക് പാത്രിയാര്‍ക്കല്‍ പദവി ലഭിച്ചാല്‍ അദ്ദേഹം പാത്രിയര്‍ക്കീസ് പദവിയിലേക്ക് ഉയര്‍ത്തപ്പെടുമോ എന്ന ആശങ്കയുമായിരിക്കാം ഇവരെ ഇത്തരത്തില്‍ വ്യാജ രേഖാ നിര്‍മ്മാണത്തിലേക്കു നയിച്ചത് എന്ന് കരുതപ്പെടുന്നു .

എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സാമ്പത്തിക നേട്ടം ഉണ്ടാക്കി എന്ന് വരുത്തി തീര്‍ക്കുവാനാണ് വ്യാജ രേഖകള്‍ ഉണ്ടാക്കിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കോന്തുരുത്തി സ്വദേശി ആദിത്യനാണ് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ബാങ്ക് രേഖകള്‍ നിര്‍മ്മിച്ചത്. ഇതിനായി ബംഗലരൂവിലുള്ള സുഹൃത്ത് വിഷണു റോയിയുടെ സഹായം ആദിത്യന് ലഭിച്ചു . എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരായ ഫാ. പോള്‍ തേലക്കാട്ട്, ഫാ. ടോണി കല്ലൂക്കാരന്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമാണ്  ബാങ്ക് രേഖകള്‍ ഉണ്ടാക്കിയത് എന്നാണ് ആദിത്യന്‍ നല്‍കിയ മൊഴി.

വ്യാജ രേഖ ചമയ്ക്കല്‍, ഗൂഢാേലാചന, വാജ രേഖ ശരിയായ രേഖയെന്ന രീതിയില്‍ അവതരിപ്പിക്കല്‍ എന്നിവ അടക്കം നിരവധി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2019 ജനുവരിയില്‍ നടന്ന സീറോ മലബാര്‍ സഭാ സിനഡിലായിരുന്നു മുന്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് കര്‍ദ്ദിനാളിനെതിരായ ബാങ്ക് രേഖകള്‍ ഹാജരാക്കിയത്. എന്നാല്‍ പരിശോധനയില്‍ ഈ ബാങ്കുകളില്‍ കര്‍ദ്ദിനാളിന് അക്കൗണ്ട് ഇല്ല എന്ന് കണ്ടെത്തി . തുടര്‍ന്നാണ് സിനഡ് നിര്‍ദ്ദേശ പ്രകാരം പോലീസില്‍ പരാതി നല്‍കിയത്.

മാര്‍ ജേക്കബ് മനത്തോടത്തിനെതിരെ കേസെടുത്തെങ്കിലും ഗൂഢാലോചനയില്‍ പങ്കില്ലാത്തതിനാല്‍ പിന്നീട് ഒഴിവാക്കുകയായിരുന്നു . 2019 ഫെബ്രുവരി 18 ന് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ വൈദികര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. സത്യദീപം മാസികയുടെ ചീഫ് എഡിറ്ററായിരുന്ന ഫാദര്‍ പോള്‍ തേലക്കാട്ട്  ,അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ച് വ്യാജ രേഖയ്ക്കായി ഗൂഢാലോചനയില്‍ പങ്കാളിയായി.

അന്നത്തെ സീറോ മലബാര്‍ സഭയുടെ മാദ്ധ്യമ  കമ്മീഷന്‍ സെക്രട്ടറിയായിരുന്ന ഫാ. ജോബി മാപ്രക്കാവിലാണ് സിനഡിനെ പ്രതിനിധീകരിച്ച്  കേസ് നല്‍കിയത്. പിന്നീട് കത്തോലിക്കാ ഫോറം പ്രസിഡണ്ട് ബിനു ചാക്കോയും കേസില്‍ കക്ഷി ചേര്‍ന്നു. സീറോ മലബാര്‍ സഭക്കെതിരെ ഉയരുന്ന പല വിവാദങ്ങളിലും സഭയ്ക്ക് പുറത്തുള്ള പല സംഘടനകളുടെയും ഇടപെടല്‍ ഉണ്ടെന്ന് സഭാ സംഘടനകള്‍ ആരോപിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.