അമേരിക്കയുടെ ആണവ വിവരങ്ങളടക്കമുള്ള രഹസ്യ രേഖകള്‍ സൂക്ഷിച്ചത് ട്രംപിന്റെ വസതിയിലെ ശുചിമുറിയില്‍; മുന്‍ പ്രസിഡന്റിനെതിരേ കുരുക്ക് മുറുക്കി കുറ്റപത്രം

അമേരിക്കയുടെ ആണവ വിവരങ്ങളടക്കമുള്ള രഹസ്യ രേഖകള്‍ സൂക്ഷിച്ചത് ട്രംപിന്റെ വസതിയിലെ ശുചിമുറിയില്‍; മുന്‍ പ്രസിഡന്റിനെതിരേ കുരുക്ക് മുറുക്കി കുറ്റപത്രം

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആണവ വിവരങ്ങളടക്കമുള്ള അമേരിക്കയുടെ രഹസ്യ രേഖകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതായി കുറ്റപത്രം. ട്രംപ് അമേരിക്കയുടെ ആക്രമണ പദ്ധതികള്‍ അടക്കമുള്ള ക്ലാസിഫൈഡ് ഗണത്തിലുള്ള രേഖകള്‍ വസതിയിലെ കുളിമുറിയിലും ഹാളിലും മറ്റും സൂക്ഷിച്ചതായാണ് കുറ്റപത്രം വിശദമാക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് നുണ പറഞ്ഞതായും അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. ഈ രേഖകള്‍ 2021-ല്‍ അനുമതിയില്ലാതെ എഴുത്തുകാരനടക്കം ചിലരെ കാണിക്കുകയും ചെയ്തു.

ട്രംപിന്റെ സഹായി വാള്‍ട്ട് നോട്ടയ്ക്ക് എതിരെയും എഫ്.ബി.ഐയില്‍ നിന്ന് രഹസ്യ രേഖകള്‍ ഒളിച്ചുവച്ചതിന് കുറ്റം ചുമത്തിയിട്ടുണ്ട്. രഹസ്യ രേഖകള്‍ ഒളിച്ച് കടത്തിയത് ഇയാളാണെന്ന് 49 പേജുള്ള കുറ്റപത്രം വിശദമാക്കുന്നു. ക്ലാസിഫൈഡ് സ്വഭാവമുള്ള 300 രേഖകള്‍ പ്രസിഡന്റ് പദവിയൊഴിഞ്ഞ ട്രംപ് പാം ബീച്ചിലെ മാര്‍ എ ലാഗോ എന്ന ആഡംബര വസതിയിലെ സ്വകാര്യ ക്ലബ്ബിലേക്ക് മാറ്റിയെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.



രഹസ്യ രേഖകള്‍ ആയിരക്കണക്കിന് അതിഥികളും ക്ലബ്ബ് അംഗങ്ങളും പങ്കെടുക്കുന്ന പരിപാടികള്‍ നടക്കുന്ന ഇടത്താണ് അലക്ഷ്യമായി സൂക്ഷിച്ചത്. തന്റെ അഭിഭാഷകനോട് ട്രംപ് രേഖകള്‍ ഒളിപ്പിക്കാനോ നശിപ്പിക്കാനോ നിര്‍ദ്ദേശിച്ചതായാണ് കുറ്റപത്രം വിശദമാക്കുന്നത്. പ്രതിരോധ രഹസ്യങ്ങള്‍ കൈവശം വച്ചു, ഗൂഢാലോചന നടത്തി എന്നിങ്ങനെ ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ഇത്തരമൊരു കേസില്‍ ഇതാദ്യമായാണ് ഒരു മുന്‍ പ്രസിഡന്റ് വിചാരണ നേരിടേണ്ടി വരുന്നത്.

അമേരിക്കയുടെ ആക്രമണ പദ്ധതികളുമായി ബന്ധപ്പെട്ട രേഖകള്‍ ഗോള്‍ഫ് ക്ലബിലെ പാര്‍ട്ടിക്കിടെ അതിഥികളെ കാണിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. പേര് വെളിപ്പെടുത്താത്ത രാജ്യത്തിനെതിരെ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഡോണള്‍ഡ് ട്രംപിന്റെ രണ്ടു സ്റ്റാഫുകളും ഒരു പ്രസാധകനുമാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്. ന്യൂജഴ്‌സിയിലെ ബെഡ്മിസ്റ്റര്‍ ഗോള്‍ഫ് ക്ലബിലായിരുന്നു ട്രംപിന്റെ പാര്‍ട്ടി.

ട്രംപിന്റെ പക്കലുള്ള രഹസ്യ രേഖകളില്‍ അമേരിക്കയുടെയും വിദേശ രാജ്യങ്ങളുടെുയും പ്രതിരോധ ആയുധശേഷി സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെട്ടിരുന്നു. അമേരിക്കയുടെ ആണവപദ്ധതികളെ കുറിച്ചും വ്യക്തമാക്കിയിരുന്നു.

മയാമിയിലുള്ള ഫെഡറല്‍ കോടതിയില്‍ ചൊവ്വാഴ്ച അദ്ദേഹം ഹാജരാകണം. ആരോപണങ്ങള്‍ ട്രംപ് നിഷേധിച്ചു. രേഖകള്‍ സൂക്ഷിക്കാന്‍ വകുപ്പുണ്ടെന്നും ഇപ്പോള്‍ അവയ്ക്ക് രഹസ്യസ്വഭാവമില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രധാന സ്ഥാനാര്‍ഥിയായ ട്രംപിനെ സംബന്ധിച്ചിടത്തോളം ഈ കേസിലെ കുറ്റപത്രം രാഷ്ട്രീയ വെല്ലുവിളിയാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ റിപ്പബ്ലിക്കന്‍ നേതാക്കള്‍ എത്രത്തോളം ട്രംപിനെ പിന്തുണയ്ക്കുമെന്നത് ചോദ്യചിഹ്നമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.