ആള്‍മാറാട്ട വിവാദത്തില്‍ ചേരി തിരിഞ്ഞ് പോര്; എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനിടെ തമ്മില്‍ത്തല്ല്

ആള്‍മാറാട്ട വിവാദത്തില്‍ ചേരി തിരിഞ്ഞ് പോര്; എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനിടെ തമ്മില്‍ത്തല്ല്

തിരുവനന്തപുരം: കാട്ടാക്കട കോളജിലെ ആള്‍മാറാട്ട വിവാദവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ചേരി തിരിഞ്ഞ് തമ്മില്‍ത്തല്ല്. ജില്ലാ പ്രസിഡന്റ് പദവിയില്‍ നിന്ന് ആദിത്യനെ മാറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിയിലും കലാശിച്ചത്. ആള്‍മാറാട്ട വിവാദത്തില്‍ ആദിത്യന്‍ ആരോപണ വിധേയനായിരുന്നു. വഞ്ചിയൂര്‍ ഏരിയയില്‍ നിന്നുള്ള നന്ദനാണ് പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി ആദര്‍ശ് തുടരും.

കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച എ.എസ്. അനഘയ്ക്ക് പകരം ആള്‍മാറാട്ടം നടത്തി എസ്എഫ്‌ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേര് സര്‍വകലാശാലയെ അറിയിച്ച സംഭവത്തില്‍ ആദിത്യനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. 

ജില്ലാ സമ്മേളനത്തില്‍ ആള്‍മാറാട്ടം അടക്കമുള്ള വിഷയങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടുവന്നു. ഇതോടെ ആദിത്യന്റെ അനുകൂലികള്‍ പ്രകോപിതരാകുകയും വാക്കേറ്റവും ഉന്തും തള്ളും കടന്ന് തമ്മില്‍തല്ലില്‍ വരെ എത്തുകയും ചെയ്തു. 

2022 ഡിസംബര്‍ 30 നാണു ആദിത്യനെ ജില്ലാ പ്രസിഡന്റായും ആദര്‍ശിനെ ജില്ലാ സെക്രട്ടറിയായും ചുമതലപ്പെടുത്തി പുതിയ ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥനും പ്രസിഡന്റ് ജോബിന്‍ ജോസും മദ്യപിച്ച് റോഡില്‍ നൃത്തം ചെയ്ത വിഡിയോ പുറത്തുവന്നതോടെയാണ് ഇവരെ മാറ്റി ആദിത്യനെയും ആദര്‍ശിനെയും നിയമിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.