അമ്മ അറിയാതെ ചോരക്കുഞ്ഞിനെ അഞ്ച് ലക്ഷത്തിന് വില്‍ക്കാന്‍ ശ്രമം: ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് തേടി

അമ്മ അറിയാതെ ചോരക്കുഞ്ഞിനെ അഞ്ച് ലക്ഷത്തിന്  വില്‍ക്കാന്‍ ശ്രമം: ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് തേടി

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ അമ്മയറിയാതെ നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി കളമശേരി പൊലീസിനോട് റിപ്പോര്‍ട്ട് തേടി. കുഞ്ഞിനെ വില്‍ക്കുന്നതിന് മുന്‍കൈ എടുത്ത പിതാവിനായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ ഒളിവിലാണ്. കുഞ്ഞിന്റെ അമ്മ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍, യുവതി ആശുപത്രിയില്‍ ഉള്ളപ്പോള്‍ കൂടെ നിന്നവര്‍ തുടങ്ങിയവരുടെ എല്ലാം മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ലേബര്‍ റൂമില്‍ കിടക്കുമ്പോള്‍ കുഞ്ഞിനെ കൈമാറുന്നത് സമ്മതിപ്പിക്കാന്‍ ആശുപത്രിയില്‍ താല്‍ക്കാലിക നഴ്സായിരുന്ന യുവതിയെ ഇടനിലക്കാരിയാക്കിയെന്നും കുഞ്ഞിന്റെ അമ്മ ആരോപിച്ചിരുന്നു.

പാലക്കാട് സ്വദേശിനിയായ യുവതി മാഹി സ്വദേശിയായ യുവാവുമായി ലിവിങ് ടുഗദറിലായിരുന്നു. ഇവര്‍ക്കു പിറന്ന കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമം നടന്നത്. ഇരുവരും തമ്മില്‍ മാനസികമായി അകന്നതോടെ കുഞ്ഞിനെ ഒഴിവാക്കാനായിരുന്നു പിതാവിന്റെ ശ്രമം എന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരുടെ പ്രതികരണം.

കുഞ്ഞിനെ അഞ്ചു ലക്ഷം രൂപയ്ക്ക് വില്‍ക്കാനായിരുന്നു നീക്കം. കുഞ്ഞുണ്ടായി രണ്ടു മാസത്തിനകം പിതാവ് ലഹരി മരുന്നു കേസില്‍ ജയിലില്‍ ആയി. 45 ദിവസത്തിന് ശേഷം പുറത്തു വന്നപ്പോള്‍ കുഞ്ഞുമായി കടന്നു കളയുകയായിരുന്നു. ഇതോടെ സിറ്റി കമ്മിഷണര്‍ക്കും ചൈല്‍ഡ് ലൈനും യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കുഞ്ഞിനെ തിരികെ എത്തിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.