ഒറ്റ മിനിറ്റിനുള്ളില്‍ രജിസ്ട്രേഷന്‍; ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി ഡിജി യാത്ര

ഒറ്റ മിനിറ്റിനുള്ളില്‍ രജിസ്ട്രേഷന്‍; ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി ഡിജി യാത്ര

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി യാത്രക്കാര്‍ക്ക് ആപ്പുകള്‍ ഉപയോഗിക്കാതെ തന്നെ ഡിജി യാത്ര സൗകര്യം ലഭിക്കും. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലായിരിക്കും സൗകര്യം ലഭിക്കുക. സ്വകാര്യ എയര്‍പോര്‍ട്ട് ഓപ്പറേറ്ററായ ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ടെര്‍മിനല്‍ മൂന്നില്‍ യാത്രക്കാര്‍ക്ക് അവരുടെ മുഖം തിരിച്ചറിയല്‍ രേഖയായി ഉപയോഗിച്ചുകൊണ്ട് ലളിതമായ മൂന്ന് ഘട്ടങ്ങളിലൂടെ രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

വിമാനത്താവളങ്ങളില്‍ യാത്രികര്‍ക്ക് ബുദ്ധിമുട്ടികളില്ലാതെ സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനാണ് ഡിജി യാത്രാ സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. യാത്രക്കാര്‍ ഡിജി ആപ്പുകള്‍ ഉപയോഗിച്ചുകൊണ്ട് വിശദാംശങ്ങള്‍ പങ്കുവെയ്ക്കുന്നതോടെ കാത്ത് നില്‍ക്കേണ്ടതായ സാഹചര്യം ഒഴിവാകും. മുന്‍പ് ഡിജി യാത്ര സൗകര്യം പ്രയോജനപ്പെടുത്തുന്നതിനായി ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ ഡിജിയാത്ര ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ആധാറുമായി ബന്ധിപ്പിച്ച നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ യാത്രക്കാരുടെ നിര്‍ദേശാനുസരണം ഡിജി യാത്ര ഉപയോഗിക്കുന്ന പ്രക്രിയ കൂടുതല്‍ ലളിതമാക്കുന്നതിനായി ഡിഐഎല്‍ പുതിയ സംരംഭം നടപ്പിലാക്കുകയായിരുന്നു. ഇതിനായാണ് പുതിയ അപഡേറ്റ് കൊണ്ടുവന്നത്. ഇതിലൂടെ ഇനി യാത്രക്കാര്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യമില്ല.
സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമില്ലാത്തവര്‍ക്ക് സഹായകരമാകും വിധം പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് പുതിയ സംവിധാനം. ഇത് നിലവില്‍ വരുന്നതോടെ രജിസ്ട്രേഷന്‍ പ്രക്രിയ ഒരു മിനിറ്റിനുള്ളില്‍ കഴിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.