റിയാദ്: ലയണല്‍ മെസി കൈവിട്ട ശേഷം മറ്റൊരു വമ്പന്‍ സ്രാവിനെ വലവീശിപ്പിടിക്കാന്‍ സൗദി ക്ലബ് അല്‍ഹിലാല്‍. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനെയാണ് ക്ലബ് നോട്ടമിടുന്നത്. താരത്തിന്റെ ടീമുമായി ഹിലാല്‍ വൃത്തങ്ങള്‍ ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പിഎസ്ജിയിലെ മോശം അനുഭവങ്ങളെ തുടര്‍ന്ന് ക്ലബ് വിടുകയാണെന്ന് നെയ്മര്‍ വ്യക്തമാക്കിയതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വന്തം വീടിനുമുന്നിലെ പിഎസ്ജി ആരാധകരുടെ പ്രതിഷേധമടക്കം താരത്തെ ചൊടിപ്പിച്ചിട്ടുണ്ട്. താരത്തെ റിലീസ് ചെയ്യാന്‍ പിഎസ്ജി നേരത്തെ താല്‍പര്യം അറിയിക്കുകയും ചെയ്തതാണ്. ഇതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉള്‍പ്പെടെയുള്ള ടീമുകള്‍ നെയ്മറിനെ സ്വന്തമാക്കാന്‍ നീക്കം നടത്തിയിരുന്നു.
മെസിയെ സ്വന്തമാക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് അല്‍ഹിലാല്‍ നെയ്മറിനുനേരെ നോട്ടമെറിഞ്ഞിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താനായി അല്‍ഹിലാല്‍ ഒരു സംഘത്തെ കഴിഞ്ഞ വെള്ളിയാഴ്ച പാരിസിലേക്ക് അയച്ചിരുന്നു. 45 മില്യന്‍ യൂറോ (ഏകദേശം 398 കോടി രൂപ) വാര്‍ഷിക ശമ്പളമാണ് അല്‍ഹിലാല്‍ താരത്തിന് നല്‍കുന്ന ഓഫറെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
2017 ല്‍ നെയ്മറിനെ സ്വന്തമാക്കിയ തുകയില്‍നിന്ന് വമ്പന്‍ നഷ്ടമായിരിക്കും പിഎസ്ജിക്കുണ്ടാകുക. എന്തു നഷ്ടം സഹിച്ചാലും താരത്തെ കൈമാറാനാണ് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ യൂറോപ്യന്‍ ക്ലബുകളടക്കം ആരില്‍നിന്നും ഇതുവരെ ഔദ്യോഗികമായ ഓഫറുകള്‍ ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്.
ന്യൂകാസില്‍, ചെല്‍സി തുടങ്ങിയ പ്രീമിയര്‍ ലീഗ് കരുത്തന്മാര്‍ നെയ്മറിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നു. ഇതിനിടെ ബ്രസീലയന്‍ സഹതാരം കാസെമിറോയുടെ നേതൃത്വത്തില്‍ നെയ്മറിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
കണങ്കാലിനു പരിക്കുമായി മാസങ്ങളായി കളത്തിനു പുറത്താണ് നെയ്മര്‍. മിക്ക സീസണുകളിലും പരിക്കിനെ തുടര്‍ന്ന് പിഎസ്ജിക്കായി മുഴുവന്‍ മത്സരങ്ങളിലും ഇറങ്ങാനാകാറില്ല. ടീം ആരാധകരുടെ നിരാശയ്ക്കു പുറമെ ടീം മാനേജ്‌മെന്റിന്റെയും പ്രധാന ആശങ്കയും ഇതു തന്നെയാണ്. വന്‍തുക നല്‍കി താരത്തെ കൂടെനിര്‍ത്തിയിട്ടും ഒരു സീസണിലും ടീമിന് ഉപകാരപ്പെടാത്തതാണ് പുനരാലോചനയ്ക്ക് പിഎസ്ജിയെ പ്രേരിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.