സമൂഹത്തിലെ നിര്‍ണായകമായ ഘടകമാണ് കുട്ടികള്‍. കളിച്ചു നടക്കേണ്ട പ്രായത്തില്‍ ഒരു നേരത്തെ അന്നത്തിനായി പണിയെടുക്കേണ്ടി വരുന്ന നിരവധി കുട്ടികള്‍ ലോകമെമ്പാടുമുണ്ട്. ഈ സാഹചര്യത്തില്‍ ബാലവേല നിരോധനത്തെക്കുറിച്ച് സമൂഹത്തിന് ബോധവത്ക്കരണം നടത്താനാണ് എല്ലാ വര്‍ഷവും ലോക ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള നൂറോളം രാജ്യങ്ങള്‍ ജൂണ്‍ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു.
സാമൂഹ്യനീതിയും ബാലവേലയും തമ്മിലുള്ള ബന്ധം ഊന്നിപ്പറഞ്ഞുകൊണ്ട്, 2023 ലെ ലോക ബാലവേല ദിനത്തിന്റെ മുദ്രാവാക്യം 'എല്ലാവര്‍ക്കും സാമൂഹിക നീതി' എന്നതാണ്.
പഠനമനുസരിച്ച് ആഗോളതലത്തില്‍ ഓരോ 10 കുട്ടികളില്‍ ഒരാള്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ 2000 മുതലുള്ള കണക്കുകള്‍ അനുസരിച്ച് ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) കണക്കുകള്‍ അനുസരിച്ച്, ലോകത്താകമാനം 152 മില്യണ്‍ കുട്ടികള്‍ ബാലവേലയില്‍ ഏര്‍പ്പെടുന്നുണ്ട്. അവരില്‍ 72 മില്യണ്‍ കുട്ടികളും അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത്.
ആഗോള സമൂഹത്തെ നിയന്ത്രിക്കുന്ന ഐക്യരാഷ്ട്ര സംഘടനയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) ചേര്‍ന്ന് 2002ലാണ് ലോക ബാലവേല വിരുദ്ധ ദിനം ആരംഭിച്ചത്. അഞ്ചിനും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സാധാരണ ബാല്യം ഉറപ്പു നല്‍കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടിയുള്ള ദിവസമാണിത്. കുട്ടികള്‍ക്ക് ഉചിതമായ വിദ്യാഭ്യാസം, ആവശ്യമായ മെഡിക്കല്‍ സേവനങ്ങള്‍, ഒഴിവു സമയം, അടിസ്ഥാന സ്വാതന്ത്ര്യം എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് ഈ ദിനത്തിലൂടെ സംഘടനകള്‍ ലക്ഷ്യമിടുന്നത്.
ഈ ദിനത്തിന്റെ പ്രാധാന്യം
കുട്ടികള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും അത് അവസാനിപ്പിക്കുന്നതിനുള്ള പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനുമായാണ് ജൂണ്‍ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്. ബാലവേലയിലേക്ക് കുട്ടികളെ തള്ളിവിടുന്ന സാഹചര്യങ്ങള്‍ മനസിലാക്കുകയും കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് പൊതു സമൂഹത്തില്‍ അറിവ് വളര്‍ത്തുകയുമാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.