തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരാളെ പ്രധാനമന്ത്രിയാക്കമെന്ന് അമിത് ഷാ; ഭാഷാ പരാമര്‍ശത്തില്‍ പ്രതികരണവുമായി സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരാളെ പ്രധാനമന്ത്രിയാക്കമെന്ന് അമിത് ഷാ; ഭാഷാ പരാമര്‍ശത്തില്‍ പ്രതികരണവുമായി സ്റ്റാലിന്‍

ചെന്നൈ: തമിഴനെ പ്രധാനമന്ത്രിയാക്കാനുള്ള അവസരം ഡി.എം.കെ കൈവിട്ട് കളഞ്ഞെന്നും തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരാളെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. തമിഴ് കുടുംബത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാകണം. തമിഴ്‌നാട്ടുകാരെ പ്രധാനമന്ത്രിയാക്കാനുള്ള രണ്ട് അവസരങ്ങള്‍ ഡി.എം.കെ നഷ്ടപ്പെടുത്തി. ഇന്നലെ ചെന്നൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 25 മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ 39 സീറ്റുകളില്‍ അഞ്ചെണ്ണത്തില്‍ മത്സരിക്കുകയും മൂന്നര ശതമാനം വോട്ട് നേടുകയും ചെയ്തിരുന്നു.

തമിഴ്‌നാട്ടില്‍ ബി.ജെ.പിയുടെ ലക്ഷ്യം 25 സീറ്റാണെന്ന അമിത്ഷായുടെ പ്രസ്താവനയില്‍ പ്രതിഷേധവുമായി അണ്ണാ ഡി.എം.കെ രംഗത്തെത്തി. സീറ്റ് വിഭജനം ഞങ്ങള്‍ തീരുമാനിക്കുമെന്നും സഖ്യകക്ഷിയുടെ ശക്തിയനുസരിച്ചാണ് സീറ്റ് നല്‍കുന്നതെന്നും പറഞ്ഞ എ.ഡി.എം.കെ അന്തിമ തീരുമാനം പാര്‍ട്ടി എടുക്കുമെന്നും അറിയിച്ചു. തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ ബി.ജെ.പി സഖ്യം തകര്‍ച്ചയിലാണ് എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പരസ്യപ്രസ്താവന.

ബി.ജെ.പി ഇത്തവണ 11 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള സൂചന. അതിനിടെയാണ് 25 സീറ്റില്‍ മത്സരിക്കുമെന്ന അമിത്ഷായുടെ പരാമര്‍ശം.

അതേസമയം ഹിന്ദി ഭാഷ പരാമര്‍ശത്തെ സംബന്ധിച്ച് അമിത് ഷായ്ക്ക് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ രംഗത്തെത്തി. 'ഇത് ഇന്ത്യയാണ്, ഹിന്ദിയയല്ല' എന്ന് പ്രഖ്യാപിച്ചാണ് ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രയുമായ സ്റ്റാലിന്‍ അമിത് ഷായ്ക്ക് മറുപടി നല്‍കിയത്. 'ഹിന്ദി ദിവസു'മായി ബന്ധപ്പെട്ട് ഹിന്ദി പ്രാഥമിക ഭാഷയാക്കണമെന്നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍.

ലോകത്തിന് മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ ഐക്യപ്പെടുത്താന്‍ സാധിക്കുമെന്നും ഹിന്ദി പ്രാഥമിക ഭാഷയാക്കണമെന്നും ഷാ ആവശ്യപ്പെട്ടിരുന്നു. അമിത് ഷായുടെ വാക്കുകളെ അനുകൂലിച്ച് ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡയും രംഗത്തെത്തിയിരുന്നു.

ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. ഇത് വേദനിപ്പിക്കുന്നതും അപലപനീയവുമാണ്. ഹിന്ദി ആധിപത്യ ശ്രമങ്ങള്‍ മൂലം അവകാശങ്ങള്‍ നഷ്ടപ്പെടുന്ന സംസ്ഥാനങ്ങളെ സംഘടിപ്പിക്കാന്‍ ഡി.എം.കെ മടി കാണിക്കില്ലെന്നുംല സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിമാരായ എച്ച്.ഡി കുമാരസ്വാമി, സിദ്ധരാമയ്യ, ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസാസുദീന്‍ ഒവൈസി എന്നിവരും അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.

ഇതിനുമുന്‍പ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ എല്ലാ സ്‌കൂളുകളിലും ഹിന്ദി നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന നിര്‍ദേശം ദക്ഷിണേന്ത്യയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.