മുഖ്യമന്ത്രിയുടെ സമാധാന ശ്രമങ്ങളോട് സഹകരിക്കില്ലെന്ന് മണിപ്പൂരിലെ കുക്കി വിഭാഗം; കലാപം തുടരുന്നു

മുഖ്യമന്ത്രിയുടെ സമാധാന ശ്രമങ്ങളോട് സഹകരിക്കില്ലെന്ന് മണിപ്പൂരിലെ കുക്കി വിഭാഗം; കലാപം തുടരുന്നു

ഇംഫാല്‍: മണിപ്പൂരിലെ സമാധാന സമിതിയോട് സഹകരിക്കില്ലെന്ന് കുക്കി വിഭാഗത്തിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി ഇഷ്ടക്കാരെ സമിതിയില്‍ ഉള്‍പ്പെടുത്തിയെന്നാണ് ആരോപണം. വടക്കു കിഴക്കന്‍ സംസ്ഥാനത്ത് യുദ്ധം ചെയ്യുന്ന വംശീയ വിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദം പുനസ്ഥാപിക്കുന്നതിനാണ് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുകെയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സമാധാന സമിതി രൂപീകരിച്ചത്.

കേന്ദ്ര ആദ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് സമാധാന സമിതി രൂപീകരിച്ചത്. സമിതി രൂപീകരിച്ച് സമാധാന ശ്രമങ്ങള്‍ നടത്തുന്നതിനാണ് ഭരണകൂടം ലക്ഷ്യം വെക്കുന്നത്. മണിപ്പൂര്‍ അക്രമവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നുണ്ട്.

കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ അധ്യക്ഷനായ സമിതിയില്‍ മുഖ്യമന്ത്രിയും ജനപ്രതിനിധികളുമുണ്ട്. സമിതിയില്‍ മെയ്‌തേയി, കുക്കി, നാഗ വിഭാഗങ്ങളിലുള്ളവരും അംഗങ്ങളാണ്. ഇപ്പോള്‍ രൂപീകരിച്ച 51 അംഗ സമിതിയില്‍ 25 പേരും മെയ്‌തേയി വിഭാഗത്തില്‍ നിന്നുള്ളവരാണ്. കുക്കി വിഭാഗത്തില്‍ നിന്നും 11 പേരെയും നാഗ വിഭാഗത്തില്‍നിന്ന് 10 പേരെയുമാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്. ബാക്കിയുള്ളവര്‍ മറ്റ് സമൂദായത്തില്‍പ്പെട്ടവരാണ്.

എന്നാല്‍, മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിനെ പിന്തുണയ്ക്കുന്നവരാണ് മെയ്‌തേയി വിഭാഗത്തില്‍ സമിതിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗമെന്നും ആക്ഷേപം കുക്കി വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ, മുഖ്യമന്ത്രി തന്റെ ഇഷ്ടക്കാരെ കുത്തിനിറച്ചെന്നാണ് കുക്കി വിഭാഗം പ്രധാനമായി ഈ വിഷയത്തില്‍ ആരോപിക്കുന്നത്. കുക്കി വിഭാഗം സമാധാന സമിതിയുടെ കാര്യത്തില്‍ പരാതി ഉന്നയിച്ച സാഹചര്യത്തില്‍ കേന്ദ്രം ഒരു പക്ഷേ ഒരു പുനപരിശോധന നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാന ശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂവെന്നും കുക്കി വിഭാഗം പറയുന്നു.

സംവരണ ഭൂമി സംബന്ധിച്ച് രണ്ടു വിഭാഗങ്ങളായ മെയ്‌തേയി- കുക്കി വിഭാഗങ്ങള്‍ക്കിടയിലെ തര്‍ക്കമാണ് മണിപ്പൂരില്‍ ഏതാണ്ട് ഒരു മാസത്തില്‍ കൂടുതലായി നീണ്ട അക്രമങ്ങള്‍ക്ക് കാരണമായത്. 160 ഓളം ഗ്രാമങ്ങളാണ് അക്രമത്തില്‍ കത്തി അമര്‍ന്നത്. ഏറ്റവും അധികം നാശനഷ്ടം ഉണ്ടായത് തങ്ങള്‍ക്കാണെന്നാണ് കുക്കി വിഭാഗം പറയുന്നത്.

മണിപ്പൂരിലെ കലാപത്തിന് ഇതുവരെയും അയവു വന്നിട്ടില്ല. ഇതിനിടെയില്‍ മുഖ്യമന്ത്രിക്കെതിരെ ഭരണപക്ഷ എംഎല്‍എമാരും രംഗത്തുവന്നു. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിനെ സമാധാന സമിതിയില്‍ ഉള്‍പ്പെടുത്തിയതിന് ഗുവാഹത്തി ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐടിഎല്‍എഫ്) കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.