കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രവാസികളുടെ 66,854 ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയതായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം.താമസവിസ റദ്ദായതോടെ വർക്ക് പെർമിറ്റ് അസാധുവായവരുടെ ഡ്രൈവിംഗ് ലൈസന്‍സുകളാണ് റദ്ദാക്കിയത്. ഡ്രൈവിംഗ് ലൈസന്‍സിന്‍റെ ആധികാരികത സംബന്ധിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തിയ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കുവൈറ്റ് വിടുകയോ താമസം റദ്ദാക്കുകയോ മരിച്ചുപോകുകയോ ചെയ്‌ത വ്യക്തികളുടെ ലൈസന്‍സാണ് റദ്ദാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ 66,584 സാധുവായ ലൈസൻസുകൾ ഉണ്ടെന്ന് സമിതി കണ്ടെത്തിയിരുന്നു. ഇതോടെ കുവൈറ്റില്‍ നിന്ന് താമസം മതിയാക്കി പോയ പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ വീണ്ടും ഡ്രൈവിംഗ് ലൈസന്‍സ് എടുക്കേണ്ടിവരും. നേരത്തെയുളള ലൈസന്‍സ് പുതുക്കാന്‍ സാധിക്കില്ലെന്ന് ചുരുക്കം.
കഴിഞ്ഞ വര്‍ഷമാണ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്‍റെ നിര്‍ദ്ദേശ പ്രകാരം ഡ്രൈവിംഗ് ലൈസന്‍സ് നേടിയ വിദേശികളുടെ ഫയലുകള്‍ പുനപ്പരിശോധിക്കാനും രാജ്യത്തെ ഡ്രൈവിംഗ് വ്യവസ്ഥകളുമായി ഒത്തുപോകാത്ത ലൈസന്‍സുകള്‍ റദ്ദാക്കാനും സമിതിയെ ചുമതലപ്പെടുത്തിയത്. പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പരിശോധിച്ച് വരികയാണെന്നും വരും ദിവസങ്ങളിലും നടപടികള്‍ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
കുവൈറ്റില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് 600 ദിനാർ ശമ്പളവും ബിരുദവും രണ്ട് വർഷത്തെ താമസവുമാണ് നിബന്ധനകള്‍. ജോലി നഷ്ടപ്പെട്ടോ ശമ്പളസ്കെയിലില്‍ വ്യത്യാസം വന്നോ യോഗ്യത നഷ്ടപ്പെട്ടാല്‍ ഡ്രൈവിംഗ് ലൈസന്‍സ് തിരിച്ചേല്‍പിക്കണം. എന്നാല്‍ പലരും ഇത് ചെയ്യാറില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതേ തുടർന്നാണ് പരിശോധകള്‍ കർശനമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.