ഒരാഴ്ചയായി വിദ്യയെ 'തിരഞ്ഞ്' പൊലീസ്; മുന്‍കൂര്‍ ജാമ്യഹര്‍ജി 20 ന് വീണ്ടും പരിഗണിക്കും

ഒരാഴ്ചയായി വിദ്യയെ 'തിരഞ്ഞ്' പൊലീസ്; മുന്‍കൂര്‍ ജാമ്യഹര്‍ജി 20 ന് വീണ്ടും പരിഗണിക്കും

കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്.എഫ്.ഐ മുന്‍ നേതാവ് കെ. വിദ്യ ഒളിവിലായി ആറു ദിവസമായിട്ടും പൊലീസിന് കണ്ടെത്താനായില്ല. വിദ്യയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണെന്നാണ് പൊലീസ് പറയുന്നത്.

അതിനിടെ മുന്‍കൂര്‍ ജാമ്യത്തിന് വിദ്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടി. ഈ മാസം 20 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിവസം അഗളി പൊലീസ് മഹാരാജാസ് കോളേജിലെത്തി വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ശര്‍മിളയുടെ മൊഴിയെടുത്തിരുന്നു. മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ജയമോള്‍, മലയാളം വിഭാഗം അധ്യാപകന്‍ എം.എസ്. മുരളി എന്നിവരുടെയും മൊഴി രേഖപ്പെടുത്തി.

വിദ്യ അഭിമുഖത്തിന് കാണിച്ച സര്‍ട്ടിഫിക്കറ്റ് മഹാരാജാസ് കോളേജിന്റേതല്ലെന്ന് ഡോ. ബിന്ദു ശര്‍മിള പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ ഉപയോഗിച്ച വാചകങ്ങള്‍ വ്യത്യസ്തമാണ്. സീലും മഹാരാജാസിന്റേതല്ല. ഒപ്പും കോളജ് എംബ്ലവും വ്യാജമാണ്. മഹാരാജാസിലെ ഒരു അധികാരിയുടെയും സഹായം വിദ്യക്ക് ലഭിച്ചിട്ടില്ലെന്നും ഡോ. ബിന്ദു ശര്‍മിള പറഞ്ഞു.

മഹാരാജാസ് കോളജ് നല്‍കുന്ന പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക പോലീസ് ശേഖരിച്ചു. 2018 ജൂണ്‍ നാലുമുതല്‍ 2019 മാര്‍ച്ച് 31 വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച് 31 വരെയും മഹാരാജാസില്‍ ഗസ്റ്റ് അധ്യാപികയായിരുന്നുവെന്നാണ് വിദ്യ നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളിലുള്ളത്.

ഇതില്‍ രണ്ടാമത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ദിവസം 2021 ഏപ്രില്‍ ഒന്ന് ആണെന്നാണ് കാണിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്ന് പെസഹ വ്യാഴമാണെന്നും ഇത് അവധി ദിവസമായിരുന്നെന്നും വൈസ് പ്രിന്‍സിപ്പല്‍ മൊഴി നല്‍കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.