കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍; ബ്രിസ്ബന്‍ നഗരവീഥികളെ ഭക്തിസാന്ദ്രമാക്കി ദിവ്യകാരുണ്യ പ്രദക്ഷിണം

കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍; ബ്രിസ്ബന്‍ നഗരവീഥികളെ ഭക്തിസാന്ദ്രമാക്കി ദിവ്യകാരുണ്യ പ്രദക്ഷിണം

ബ്രിസ്ബന്‍: പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ (കോര്‍പ്പസ് ക്രിസ്റ്റി) ദിനത്തില്‍ ഓസ്ട്രേലിയന്‍ നഗരമായ ബ്രിസ്ബനിലെ തെരുവുകളെ ഭക്തിസാന്ദ്രമാക്കി ദിവ്യകാരുണ്യ പ്രദക്ഷിണം. മലയാളികള്‍ അടക്കം ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ 4000-ത്തിലധികം കത്തോലിക്ക വിശ്വാസികളാണ് പ്രദക്ഷിണത്തില്‍ പങ്കെടുത്തത്.

ക്വീന്‍സ്ലന്‍ഡിലെ ബ്രിസ്ബന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നത്. മരിയന്‍ പതാകകളും ഇടവക ബാനറുകളും ജപമാലകളും കൈയിലേന്തി ബ്രിസ്ബനിലെ തെരുവുകളിലൂടെ നടന്ന പ്രദക്ഷിണം വിശ്വാസ പ്രഘോഷണമായി മാറി.



കോര്‍പ്പസ് ക്രിസ്റ്റി ഘോഷയാത്രയ്ക്കു ശേഷം വിശ്വാസികള്‍ സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ ആശീര്‍വാദത്തിനായി ഒത്തുകൂടി. ബ്രിസ്ബന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോളറിഡ്ജ് നേതൃത്വം നല്‍കി.

ഇസ്രായേല്യര്‍ സ്വര്‍ഗത്തില്‍ നിന്ന് മന്ന സ്വീകരിച്ച കഥ ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോള്‍റിഡ്ജ് തന്റെ പ്രസംഗത്തില്‍ വിവരിച്ചു. 'കോര്‍പ്പസ് ക്രിസ്റ്റിയുടെ തിരുനാള്‍ എന്നത് പരിശുദ്ധ കുര്‍ബാനയെന്ന അനുഗ്രഹീത കൂദാശയിലെ ക്രിസ്തുവിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള സത്യം മാത്രമല്ല നമ്മോടു പറയുന്നത്; ഈശോയുടെ സാന്നിധ്യം ശരീരത്തോടും ആത്മാവോടും മാംസത്തോടും രക്തത്തോടും ദൈവ സ്വഭാവത്തോടും മനുഷ്യ സ്വഭാവത്തോടുംകൂടെ എല്ലായ്‌പ്പോഴും എല്ലായിടത്തും സജീവമായി നിലകൊള്ളുന്നുവെന്ന വിശ്വാസ രഹസ്യം പ്രഘോഷിക്കുകയും കൂടിയാണ്' - ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.



'നമ്മുടെ കൂടെയുള്ള ദൈവത്തെ നാം എവിടെയായിരുന്നാലും കണ്ടുമുട്ടുന്നു. യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമായ യേശു ആരാണെന്നുള്ള സത്യവും ഈ തിരുനാള്‍ നമ്മോട് പറയുന്നു. ക്രിസ്തുവിന്റെ ശരീരമായ സഭയെക്കുറിച്ചുള്ള സത്യവും നമ്മോട് വെളിപ്പെടുത്തുന്നു' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിമൂന്നാം നൂറ്റാണ്ടുമുതല്‍ സഭയില്‍ ആചരിച്ചുവരുന്ന തിരുനാളാണ് കോര്‍പ്പസ് ക്രിസ്റ്റി. പരിശുദ്ധ ത്രീത്വത്തിന്റെ ഞായര്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയാണ് സാധാരണയായി ഈ തിരുനാള്‍ ആചരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.