ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ (സിഡബ്ല്യുസി) അഴിച്ചുപണി ഉണ്ടായേക്കുമെന്ന അഭ്യൂഹം ശക്തം. നിലവില്‍ 25 സ്ഥിരാംഗങ്ങള്‍ക്ക് പുറമെ, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ മുന്‍നിര സംഘടനകളുടെ തലവന്മാരും പ്രത്യേക ക്ഷണിതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അംഗങ്ങളാണ്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സിഡബ്ല്യുസി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനു പകരം നോമിനേറ്റ് ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ ചുമതലപ്പെടുത്തിയിരുന്നു.
എസി, എസ്ടി, ഒബിസി, സ്ത്രീകള്‍, യുവാക്കള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് 50 ശതമാനം സംവരണം നല്‍കുന്നതിനായി പ്രവര്‍ത്തക സമിതിയില്‍ അതിന്റെ ഭരണഘടനയും ഭേദഗതി ചെയ്തിരുന്നു. ഇതോടെ സിഡബ്ല്യുസി അംഗങ്ങളുടെ എണ്ണം 25 ല്‍ നിന്ന് 35 ആയി ഉയര്‍ത്തി.
കേരളത്തില്‍ നിന്ന് രമേശ് ചെന്നിത്തല, കര്‍ണാടകയിലെ മുതിര്‍ന്ന നേതാവ് ബി.കെ ഹരിപ്രസാദ്, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, മുന്‍ ക്യാബിനറ്റ് മന്ത്രി സുബോദ്കാന്ത് സഹായ്, രാജ്യസഭാ എംപി രഞ്ജിത് രഞ്ജന്‍, ദളിത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നിതിന്‍ റൗട്ട്, എന്നിവരുടെ പേരുകളാണ് സിഡബ്ല്യുസി പ്രവേശനത്തിനായി ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത്.
തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രായോഗിക പരിചയമുള്ളവരെ കമ്മറ്റിയില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളുമായുള്ള മികച്ച ഏകോപനത്തിനും ബിജെപിയെ നേരിടാനും പുതിയ നേതാക്കള്‍ ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.
ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ, പഞ്ചാബ് ഇന്‍ചാര്‍ജ് ഹരീഷ് ചൗധരി, മഹാരാഷ്ട്ര ഇന്‍ചാര്‍ജ് എച്ച്.കെ പാട്ടീല്‍, ബിഹാര്‍ ഇന്‍ചാര്‍ജ് ഭക്ത ചരണ്‍ദാസ്, കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരെ സമിതിയില്‍ നിന്ന് മാറ്റിയേക്കും. ഇവരെ കൂടാതെ കെ.എച്ച് മുനിയപ്പ, രഘു ശര്‍മ, ദിനേശ് ഗുണ്ടു റാവു എന്നിവരെയും മാറ്റാന്‍ സാധ്യതയുണ്ട്.
ഈ നേതാക്കള്‍ക്ക് അതത് സംസ്ഥാനങ്ങളില്‍ തങ്ങളുടെ കഴിവ് ഉപയോഗിക്കാനാകുമെന്നും അതുവഴി പൊതുതിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാമെന്നുമാണ് വിലയിരുത്തല്‍.
പാര്‍ട്ടിയുടെ ഭേദഗതി ചെയ്ത ഭരണഘടന പ്രകാരം ഏറ്റവും നിര്‍ണായകമായ തീരുമാനമെടുക്കുന്ന ബോഡിയായ പ്രവര്‍ത്തക സമിതിയില്‍ ഇനി മുന്‍ പ്രധാനമന്ത്രിമാരും പാര്‍ട്ടിയുടെ മുന്‍ എഐസിസി മേധാവികളും ഉള്‍പ്പെടും.
ഇതോടെ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പുതിയ സിഡബ്ല്യുസിയുടെ ഭാഗമാകും. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ പാര്‍ട്ടിക്ക് വേണ്ടി വിപുലമായ പ്രചാരണം നടത്തേണ്ടതിനാല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സിഡബ്ല്യുസിയില്‍ തുടര്‍ന്നേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.