ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്ന് മാര്‍പ്പാപ്പയുടെ സന്ദേശം; ഫാല്‍ക്കണ്‍-9 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്ന് മാര്‍പ്പാപ്പയുടെ സന്ദേശം; ഫാല്‍ക്കണ്‍-9 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

വത്തിക്കാന്‍ സിറ്റി: മാനവരാശിക്ക് പ്രത്യാശ പകരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശമടങ്ങിയ ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു. കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ സമയം രാത്രി 11:19 ന് കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഫാല്‍ക്കണ്‍-9 എന്ന റോക്കറ്റിലാണ് ഫുട്‌ബോളിന്റെ വലിപ്പമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്. ക്യൂബ്‌സാറ്റ് എന്നു വിളിക്കപ്പെടുന്ന മിനിയേച്ചര്‍ ഉപഗ്രഹം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 525 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിക്കുമെന്ന് വത്തിക്കാന്‍ വെളിപ്പെടുത്തി.

വത്തിക്കാന്റെ ആശയവിനിമയത്തിനായുള്ള ഡിക്കസ്ട്രിയും ഇറ്റാലിയന്‍ സ്‌പേസ് ഏജന്‍സിയും സംയുക്തമായി നേതൃത്വം നല്‍കിയ, 'പ്രതീക്ഷയുടെ കാവല്‍ക്കാരന്‍' എന്നര്‍ത്ഥം വരുന്ന സ്പീ സാറ്റല്ലസ് ഉപഗ്രഹമാണ് പാപ്പയുടെ സന്ദേശം വഹിച്ചു കൊണ്ട് യാത്രയായത്.



2020 മാര്‍ച്ച് 27 രാത്രിയില്‍ ഫ്രാന്‍സിസ് പാപ്പ നല്‍കിയ, 'റോമ നഗരത്തിനും, ലോകത്തിനും' എന്നര്‍ത്ഥം വരുന്ന 'ഉര്‍ബി എറ്റ് ഓര്‍ബി' സന്ദേശം ലോക ശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. കോവിഡ് മഹാമാരി അതിരൂക്ഷമായ സാഹചര്യത്തില്‍ ലോകമെങ്ങും ലോക്ഡൗണും നിയന്ത്രണങ്ങളും വ്യാപിച്ച സന്ദര്‍ഭത്തില്‍ പാപ്പ ഒറ്റയ്ക്ക് വത്തിക്കാന്‍ ചത്വരത്തിലൂടെ നടന്നു നീങ്ങുന്ന ദൃശ്യം ഏറെ ശ്രദ്ധേയമായിരുന്നു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നിന്ന് മാര്‍പ്പാപ്പ നടത്തിയ 'ഊര്‍ബി എറ്റ് ഓര്‍ബി' ആശീര്‍വാദം രേഖപ്പെടുത്തിയ പുസ്തകത്തിന്റെ പകര്‍പ്പാണ് ഉപഗ്രഹത്തിന്റെ സഹായത്തോടെ ബഹിരാകാശത്ത് എത്തിച്ചത്.

'കര്‍ത്താവേ അങ്ങ് ലോകത്തെ അനുഗ്രഹിക്കണമേ, ഞങ്ങളുടെ ശരീരത്തിന് ആരോഗ്യവും, ഹൃദയങ്ങള്‍ക്ക് ആശ്വാസവും നല്‍കണമേ'. 'ഞങ്ങളോട് ഭയപ്പെടരുതെന്ന് നീ പറഞ്ഞിട്ടുണ്ട്. എങ്കിലും, ഞങ്ങളുടെ വിശ്വാസം ദുര്‍ബ്ബലവും, ഞങ്ങള്‍ ഭയചകിതരുമാണ്. എന്നിരുന്നാലും, കര്‍ത്താവേ നീ ഞങ്ങളെ കൊടുങ്കാറ്റിന് വിടരുതേ' എന്ന പാപ്പയുടെ വാക്കുകളാണ് 2 മില്ലിമീറ്റര്‍ നീളവും, 0.2 മില്ലിമീറ്റര്‍ വീതിയുമുള്ള സിലിക്കോണ്‍ പ്ലേറ്റില്‍ തയ്യാറാക്കി നാനോ പുസ്തക രൂപത്തില്‍ ബഹിരാകാശത്തേക്ക് അയച്ചത്.

'മാസങ്ങള്‍ നീണ്ട കഠിനാദ്ധ്വാനത്തിനൊടുവില്‍, സ്പീ സാറ്റല്ലസ് വിക്ഷേപണത്തറയിലെത്തുന്ന നിമിഷത്തിനായി ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിക്കുകയായിരുന്നു' - ഉപഗ്രഹം നിര്‍മ്മിച്ച ടുറിന്‍ പോളിടെക്‌നിക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ നേതാവ് സബ്രീന കോര്‍പിനോ പറഞ്ഞു.

മാര്‍ച്ച് 29-ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തന്റെ പ്രതിവാര പൊതുസദസ്സിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ഉപഗ്രഹത്തെയും നാനോ ബുക്കിനെയും അനുഗ്രഹിച്ചിരുന്നു.

ടൂറിനിലെ പോളിടെക്നിക് യൂണിവേഴ്സിറ്റി നിര്‍മ്മിച്ച ഉപഗ്രഹം ഇറ്റാലിയന്‍ സ്പേസ് ഏജന്‍സി ആണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഭൂമിയില്‍ നിന്നും നിയന്ത്രിക്കാന്‍ കഴിയുന്ന റേഡിയോ ട്രാന്‍സ്മിറ്ററും, അനുബന്ധ ഉപകരണങ്ങളും ഉപഗ്രഹത്തിലുണ്ട്. മാര്‍പാപ്പയുടെ വാക്കുകള്‍ ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍ ഉപഗ്രഹത്തില്‍ നിന്നു സംപ്രേഷണം ചെയ്യും.

വിശദമായ വായനയ്ക്ക്:

മാര്‍പ്പാപ്പയുടെ പ്രത്യാശയുടെ സന്ദേശം ബഹിരാകാശത്തേക്കും; വിക്ഷേപണത്തിനുള്ള ഉപഗ്രഹം നാളെ ആശീര്‍വദിക്കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.