ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മൂന്ന് സേനാ വിഭാഗങ്ങളുടെയും തലവന്‍മാരുമായി ചര്‍ച്ച നടത്തി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് രാജ്‌നാഥ് സിങ് നിര്‍ദേശിച്ചു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് സൗരാഷ്ട്ര തീരത്തും കച്ചിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഭുജ് എയര്‍പോര്‍ട്ട് വെള്ളിയാഴ്ച വരെ അടച്ചു.
കച്ചിലെ ആശുപത്രികളില്‍ അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഇതുവരെ 47,000 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. തീരപ്രദേശങ്ങളില്‍ നിന്ന് ഇപ്പോഴും ആളുകളെ ഒഴിപ്പിക്കുകയാണ്.
അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങള്‍ എല്ലാം സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടെയും വലയത്തിലാണ്. മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.
ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. പോര്‍ബന്തറില്‍ മരങ്ങള്‍ കടപുഴകി വീണ് കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ തിരമാലയുമുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് 50 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
കേരള തീരത്തും ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ വലിയ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.