മാതാപിതാക്കളുടെ അവകാശങ്ങൾക്കും മത സ്വാതന്ത്ര്യത്തിനും കടിഞ്ഞാൺ; വിവാദ നിയമത്തിനെതിരെ ഓസ്ട്രേലിയയിൽ പ്രതിഷേധം ശക്തിപ്പെടുന്നു

മാതാപിതാക്കളുടെ അവകാശങ്ങൾക്കും മത സ്വാതന്ത്ര്യത്തിനും കടിഞ്ഞാൺ; വിവാദ നിയമത്തിനെതിരെ ഓസ്ട്രേലിയയിൽ പ്രതിഷേധം ശക്തിപ്പെടുന്നു

മെൽബൺ: മതവിശ്വാസികൾക്കും മാതാപിതാക്കളുടെ അവകാശങ്ങൾക്കും കൂച്ചുവിലങ്ങും സ്വവർഗാനുരാഗികൾക്ക് പ്രോത്സാഹനവും നൽകുന്നതെന്ന് പ്രത്യക്ഷത്തിൽ തോന്നിക്കുന്ന "ചേഞ്ച് ഓർ സപ്രഷൻ (കൺവെർഷൻ) പ്രാക്ടീസ് പ്രൊഹിബിഷൻ ബിൽ 2020 - നെതിരെ ഓസ്ട്രേലിയയിൽ പ്രതിഷേധം ശക്തിപ്പെടുന്നു.

വിക്ടോറിയ സംസ്ഥാനത്തെ പാർലമെന്റിന്റെ അധോസഭ പാസാക്കുകയും ഉപരിസഭ ഫെബ്രുവരിയിൽ ചർച്ച ചെയ്യാനിരിക്കുന്നതുമായ വിവാദ ബിൽ പിൻവലിക്കണമെന്ന് മെൽബൺ ആർച്ച് ബിഷപ്പ് പീറ്റർ കമൻസോലി ആവശ്യപ്പെട്ടു. പാർലമെന്റിൽ ചർച്ചയ്ക്ക് വന്ന് പാസാക്കിയ ഈ ബില്ലിനെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി മെത്രാപോലിത്ത അതിരൂപതയിലെ എല്ലാ പുരോഹിതർക്കും സന്യസ്തർക്കുമായി സർക്കുലർ അയച്ചിരുന്നു. "ഈ ബിൽ പ്രാർത്ഥനയെ ലക്ഷ്യമിടുന്നു., മക്കളോട് സത്യസന്ധവും സുതാര്യവുമായി സംസാരിക്കാനുള്ള മാതാപിതാക്കളുടെ സ്വാതന്ത്ര്യത്തെയും ലക്ഷ്യം വെക്കുന്നു. വിശ്വാസികളായ ആളുകൾക്ക് തങ്ങളുടെ വിശ്വാസം വിശ്വസ്തതയോടെ തുറന്നുപറയാനുള്ള അവകാശത്തെ നിയമം നിശബ്ദമാക്കുമെന്നും ആർച്ച് ബിഷപ്പ് മുന്നറിയിപ്പ് നൽകുന്നു.

സമൂഹത്തിലെ ദുർബലരായ വ്യക്തികളെ അവരുടെ ലൈംഗിക താൽപര്യങ്ങളിൽ നിന്നും കൺവേർഷൻ തെറാപ്പിയിലൂടെ മാറ്റുന്നത് തടയുക എന്ന വ്യാജേനയാണ് നിയമംകൊണ്ടു വരുന്നതെങ്കിലും അവകാശപ്പെടുന്ന ഒരു കാര്യവും ഈ ബില്ലുകൊണ്ട് ഉണ്ടാകില്ല എന്നും പീറ്റർ കമൻസോയിൽ വ്യക്തമാക്കുന്നു." മുതിർന്ന വ്യക്തികൾക്ക് പോലും തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ ആത്മീയ അജപാലന പിന്തുണയും ഉപദേശവും തേടുന്നതിനെയും ഈ നിയമം വിലക്കുന്നു". വിക്ടോറിയ സംസ്ഥാനത്തെ പ്രീമിയർ ഡാനിയൽ ആൻഡ്രൂസിന് പ്രതിഷേധസൂചകമായി തുറന്ന കത്തുകൾ എഴുതാൻ ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി (എ സി എൽ ) മാനേജിംഗ് ഡയറക്ടർ മാർട്ടിൻ ഇലെസ് എല്ലാ വിഭാഗം ജനങ്ങളോടും ആഹ്വാനം ചെയ്തു. മാതാപിതാക്കളുടെ അവകാശത്തിന്മേലും മത സ്വാതന്ത്ര്യത്തിലും ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഈ ബില്ലെന്ന് എ സി എൽ നേതാവ് മുന്നറിയിപ്പു നൽകി. ഈ നിയമം നിലവിൽ വന്നാൽ സ്വന്തം കുട്ടികളുടെ ലൈംഗിക താല്പര്യങ്ങൾക്ക് എതിരു നിന്നു എന്ന കുറ്റത്തിന് മാതാപിതാക്കൾക്ക് ജയിൽശിക്ഷയോ, കടുത്ത പിഴയോ, അതിലുപരി കുട്ടികളുടെ സംരക്ഷണ അവകാശമോ നഷ്ടപ്പെട്ടേക്കാം. ഈ നിയമ പ്രകാരം കുട്ടികൾക്ക് ലൈംഗിക കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് പ്രായപൂർത്തി ആയതിനു ശേഷം മതി എന്ന ഉപദേശം പോലും മാതാപിതാക്കൾക്ക് നൽകാനാവില്ല എന്ന് മാർട്ടിൻ ഇല്യാസ് മുന്നറിയിപ്പ് നൽകുന്നു. "നമ്മുടെ മക്കൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാൻ ആവില്ല, അതുമല്ലെങ്കിൽ മതരംഗത്തെ ഒരു മുതിർന്ന വ്യക്തിയുടെയോ കൗൺസിലറുടെയോ ഉപദേശവും തേടാനാവില്ല. മാതാപിതാക്കളുടെ അവകാശങ്ങൾ സംരക്ഷിക്കണമെങ്കിൽ ഈ പോരാട്ടത്തിൽഎല്ലാ ജനവിഭാഗങ്ങളും പങ്കു ചേരണമെന്ന് എ സി എൽ നേതാവ് ആഹ്വാനം ചെയ്തു.

കുടുംബബന്ധങ്ങൾ, വ്യക്തിപരമായ കാര്യങ്ങൾ,പ്രാർത്ഥന, ആത്മീയ കാര്യങ്ങൾ, അജപാലന ദൗത്യങ്ങൾ എന്നീ മേഖലകളിൽ സംസ്ഥാന ഗവൺമെന്റ് നാടകീയമായി കടന്നുകയറുന്നതായുള്ള ദു:സൂചനയാണ് ബില്ലിൽ ഉള്ളതെന്ന് മെൽബൺ ആർച്ച് ബിഷപ്പും കുറ്റപ്പെടുത്തുന്നു. സ്വന്തം മക്കളോട് എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും വിക്ടോറിയ സംസ്ഥാനത്തെ മാതാപിതാക്കൾക്ക് ഈ നിയമം പാർലമെന്റിൽ വരുന്നതിനുമുമ്പ് കൃത്യമായ അറിവു നൽകിയിട്ടുണ്ടോ എന്നും പീറ്റർ കമൻസോലി ചോദിച്ചു. മതപരമായ സമൂഹങ്ങളെ നിയമം നേരിട്ട് ബാധിക്കും എന്ന് അറിഞ്ഞിട്ടും അവതരണത്തിന് മുമ്പ് ആത്മീയ നേതൃത്വവുമായി ഒരുതരത്തിലുള്ള ചർച്ചകളും നടത്താത്തത് അസ്വാഭാവികമാണെന്നും ആർച്ച് ബിഷപ്പ് തുറന്നടിച്ചു.

ബില്ലിനെതിരെ വിക്ടോറിയയിലെ മലയാളികളുടെ കൂട്ടായ പ്രതിഷേധത്തിന് ആയി കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ വിറ്റോറിയ ടീം(സി സി ആർ ) നടപടികളാരംഭിച്ചു. ജി മോൻ കുഴിവേലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സി സി ആർ വിവാദ നിയമത്തിനെതിരെ പ്രാർത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഓരോ പ്രദേശത്തെയും പാർലമെന്റ് അംഗങ്ങളെയും സെനറ്റ് അംഗങ്ങളെയും ബന്ധപ്പെട്ട് ബില്ല് ഉപരി സഭയിൽ പരാജയപ്പെടുത്താൻ സി സി ആർ കൂട്ടായ്മ ശക്തമായ പ്രവർത്തനമാരംഭിച്ചു. മെൽബൺ അതിരൂപത, സീറോമലബാർ മെൽബൺ രൂപത, വിവിധ ക്രൈസ്തവ സംഘടനകൾ, എന്നിവരുമായി യോജിച്ച് ബില്ലിനെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ജിജിമോൻ കുഴിവേലിൽ വ്യക്തമാക്കി.

കൂടുതൽ വായിക്കുക : സ്വവർഗാനുരാഗികൾക്ക് തലോടലും മതസ്വാതന്ത്ര്യത്തിനു നിയന്ത്രണവും; മറ്റൊരു വിവാദ നിയമം കൂടി ഓസ്ട്രേലിയായിൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.