'പ്രതി ചേര്‍ത്തത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ'; മോന്‍സണ്‍ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് കെ. സുധാകരന്‍

'പ്രതി ചേര്‍ത്തത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ'; മോന്‍സണ്‍ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് കെ. സുധാകരന്‍

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തന്നെ പ്രതി ചേര്‍ത്തതെന്ന് കെ സുധാകരന്‍ ഹര്‍ജിയില്‍ ആരോപിച്ചു.

പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയില്‍ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ല. ആരെയും വഞ്ചിച്ചിട്ടില്ലെന്നും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനും സമൂഹ മാധ്യത്തില്‍ പ്രതിഛായ തകര്‍ക്കാനും ലക്ഷ്യമിട്ടാണ് കേസില്‍ പ്രതി ചേര്‍ത്തതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. അഡ്വ. മാത്യു കുഴല്‍നാടന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ 23 ന് മാത്രമേ ഹാജരാകാന്‍ കഴിയുള്ളുവെന്ന് സുധാകരന്‍ അറിയിച്ചു. തുടര്‍ന്ന് പുതിയ നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസിന്റെ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ക്രൈം ബ്രാഞ്ച് ഇന്നലെ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു.

യാക്കൂബ് പുരയിലും മറ്റ് അഞ്ചുപേരും നല്‍കിയ 10 കോടിയുടെ തട്ടിപ്പ് കേസിലാണ് സുധാകരനെ പ്രതി ചേര്‍ത്തത്. സുധാകരന്റെ സാന്നിധ്യത്തില്‍ 25 ലക്ഷം രൂപ നല്‍കിയെന്നും ഇതില്‍ 10 ലക്ഷം സുധാകരന് കൈമാറുന്നത് കണ്ടെന്നും മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത്തും ജീവനക്കാരായ ജെയ്സണും ജോഷിയും മൊഴി നല്‍കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.