വത്തിക്കാന്‍ സിറ്റി: ദരിദ്രര്‍ക്കു വേണ്ടിയുള്ള എഴാമത് ലോകദിനാചരണത്തിനായി ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം പുറത്തിറക്കി. ദരിദ്രരില്‍ നിന്ന് മുഖം തിരിക്കുന്നത് യേശുവില്‍ നിന്ന് മുഖം തിരിക്കുന്നതിനു തുല്യമാണെന്ന് മാര്‍പ്പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു. ദാരിദ്ര്യം ഒരു നദി പോലെ നഗരങ്ങളിലൂടെ ഒഴുകുകയാണെന്നും ദരിദ്രരുടെ ആവശ്യങ്ങളോട് മുഖം മറയ്ക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി. നവംബര്‍ 19-നാണ് ദരിദ്രര്‍ക്കു വേണ്ടിയുള്ള ഈ വര്‍ഷത്തെ ലോക ദിനം ആചരിക്കുന്നത്.
ബൈബിളിലെ തോബിന്റെ പുസ്തകത്തില്‍ നിന്നുള്ള 'പാവപ്പെട്ടവനില്‍നിന്നു മുഖം തിരിച്ചുകളയരുത്' (തോബിത് 4:7) എന്ന വചനമാണ് ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയമായി പരിശുദ്ധ പിതാവ് തെരഞ്ഞെടുത്തിരിക്കുന്നത്.
'ദാരിദ്ര്യം ഒരു 'വലിയ നദിയായി' എല്ലാ നഗരങ്ങളിലൂടെയും കടന്നുപോകുന്നു. നമ്മെ മുക്കിക്കളയുന്ന വിധത്തില്‍ അത് പലപ്പോഴും കരകവിഞ്ഞൊഴുകുന്നു. നമ്മുടെ സഹായത്തിനും പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും വേണ്ടി ആഗ്രഹിക്കുന്ന സഹോദരീസഹോദരന്മാരുടെ ആവശ്യങ്ങള്‍ വളരെ വലുതാണ്.
ദരിദ്രരുടെ ആവശ്യങ്ങളോട് നിര്‍വികാരതയോടെ പ്രതികരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആര്‍ഭാടമായ ജീവിതശൈലി സ്വീകരിക്കാനുള്ള പ്രവണത ഏറിവരുന്നതിനാല്‍ ദരിദ്രരുടെ ശബ്ദം പലപ്പോഴും കേള്‍ക്കപ്പെടാതെ പോകുന്നു. ഇവയ്‌ക്കെല്ലാം പുറമേ, യുദ്ധങ്ങള്‍, തൊഴിലിടങ്ങളിലെ ചൂഷണങ്ങള്‍, ഊഹക്കച്ചവടങ്ങള്‍ മൂലം ഉണ്ടാകുന്ന വിലവര്‍ധന തുടങ്ങിയവ ദാരിദ്ര്യാവസ്ഥയിലുള്ള കുടുംബങ്ങളെ പട്ടിണിയിലാഴ്ത്തുന്നു. ഇവയെല്ലാം ദാരിദ്ര്യത്തിന്റെ പുതിയ രൂപങ്ങളാണെന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു'.
നമ്മുടെ ഉത്തരവാദിത്വം
വിശുദ്ധ ഗ്രന്ഥത്തിലെ തോബിത്തിന്റെ പുസ്തകത്തില്‍, തോബിത്ത് തന്റെ മകന്‍ തോബിയാസിന് നല്‍കുന്ന ഉപദേശങ്ങളെ ആധാരമാക്കിയാണ് ദരിദ്രരോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് പാപ്പാ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. സുവിശേഷത്തിലെ നല്ല സമരിയാക്കാരനെപ്പോലെ (ലൂക്കാ 10: 25-37) ആയിത്തീരുക എന്നത് നാം ഓരോരുത്തരും ഏറ്റെടുക്കേണ്ട ഒരു വെല്ലുവിളിയാണെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.
വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ 'പാച്ചെം ഇന്‍ തേരിസ്' (ഭൂമിയില്‍ സമാധാനം) എന്ന ചാക്രികലേഖനത്തെ അനുസ്മരിച്ചുകൊണ്ട്, ജീവിക്കാനും ശാരീരിക സമഗ്രതയ്ക്ക് ആവശ്യമായവയെല്ലാം ആര്‍ജിക്കാനുമുള്ള എല്ലാ മനുഷ്യരുടെയും അവകാശത്തെക്കുറിച്ച് പാപ്പാ ഊന്നിപ്പറഞ്ഞു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വൈദ്യസഹായം, വിശ്രമം, ആവശ്യമായ സാമൂഹിക സേവനങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ജീവിതത്തിന്റെ ശരിയായ വികസനത്തിന് അത്യന്താപേക്ഷിതമായ കാര്യങ്ങള്‍ ആര്‍ക്കും നിഷേധിക്കപ്പെടുന്നില്ല എന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇവ ഏവര്‍ക്കും ലഭ്യമാക്കുന്നതില്‍ ഭരണ തലത്തിലുള്ളവര്‍ വീഴ്ച വരുത്തുന്നുവെങ്കില്‍ അതിനെതിരെ നാം പ്രതികരിക്കണം. 'ഉന്നതത്തില്‍ നിന്ന് എല്ലാം ലഭിച്ചുകൊള്ളും' എന്ന മനോഭാവത്തോടെ നിഷ്‌ക്രിയരാകാന്‍ പാടില്ല. മാറ്റങ്ങള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും വേണ്ടിയുള്ള നമ്മുടെ പദ്ധതികളില്‍, ദാരിദ്ര്യം അനുഭവിക്കുന്നവരെ കൂടി ഉള്‍പ്പെടുത്താന്‍ മറക്കരുത് എന്നും പാപ്പാ തന്റെ സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.