മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ അതിരൂക്ഷം: പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു; സൈന്യത്തിന് നേരെയും വെടിവെപ്പ്

മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ അതിരൂക്ഷം: പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു; സൈന്യത്തിന് നേരെയും വെടിവെപ്പ്

ഇംഫാല്‍: മണിപ്പൂരില്‍ ആഴ്ച്ചകളായി തുടരുന്ന ആക്രമണം ഇപ്പോള്‍ അതിരൂക്ഷമായി. ഇതോടെ കൂടുതല്‍ കേന്ദ്രസേനയെ സംസ്ഥാനത്തേയ്ക്ക് അയച്ചു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നു ജനങ്ങള്‍ സംഘടിതമായി എത്തി പൊലീസിന്റെ ആയുധ ശേഖരം നശിപ്പിക്കുകയും സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.

ജനക്കൂട്ടം ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ഇറിംഗ്ബാം പൊലീസ് സ്റ്റേഷന്റെ ആയുധപ്പുര നശിപ്പിക്കാനും ശ്രമിച്ചു. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. സംഘര്‍ഷ ഭരിതമായ മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്തയിലും ചുരാചന്ദ്പൂര്‍ ജില്ലയിലെ കാങ്വായിയിലും കഴിഞ്ഞ ദിവസം വെടിവെപ്പുകള്‍ നടന്നു.

ഇന്ന് പുലര്‍ച്ചെ വരെ ഇടയ്ക്കിടെ വെടിവെപ്പ് നടന്നതായി പൊലീസും സൈനിക വൃത്തങ്ങളും അറിയിച്ചു. കേന്ദ്രസേന, അസം റൈഫിള്‍സ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, സംസ്ഥാന പൊലീസ് എന്നിവയുടെ സംയുക്ത സേനകള്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ മാര്‍ച്ച് നടത്തി. മണിപ്പൂര്‍ സര്‍വ്വകലാശാലയ്ക്ക് സമീപം ആക്രമണമുണ്ടായി. കേന്ദ്രമന്ത്രി ആര്‍.കെ രഞ്ജന്‍ സിങിന്റെ മണിപ്പൂരിലെ വസതി ജനക്കൂട്ടം പെട്രോള്‍ ബോംബെറിഞ്ഞ് കത്തിച്ചിരുന്നു.

ഈ സമയം മന്ത്രി കേരളത്തില്‍ ഔദ്യോഗീക പരിപാടിക്കായി എത്തിയിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ കേന്ദ്രമന്ത്രി മണിപ്പൂരിലേക്ക് മടങ്ങി. ആഴ്ച്ചകളായി തുടരുന്ന ആക്രമണം അവസാനിപ്പിക്കുന്നതിനായി ചര്‍ച്ച നടത്താന്‍ സമാധാന സമിതികള്‍ രൂപീകരിച്ചിരുന്നു. കുക്കി-മെയ്‌തേയി വിഭാഗത്തിലുള്ളവരും സമിതിയില്‍ അംഗങ്ങളാണ്. ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ സമാധാന ശ്രമങ്ങള്‍ക്ക് തടസമാകുമെന്നാണ് കരുതുന്നത്.

അക്രമം രൂക്ഷമായിക്കൊണ്ടിരിക്കെ, സംസ്ഥാനത്തെ ക്രമസമാധാന നിലയ്ക്ക് അടിയന്തര ശ്രദ്ധ നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ (റിട്ടയേര്‍ഡ്) വേദ് പ്രകാശ് മാലിക് ആഹ്വാനം ചെയ്തു. മണിപ്പൂരില്‍ ശാശ്വത സമാധാനം നിലനിര്‍ത്തായി അധികൃതര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നുപ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ ടാഗ് ചെയ്ത് ജനറല്‍ മാലിക് ട്വീറ്റില്‍ കുറിച്ചു.

മെയ്‌തേയി- കുക്കി വിഭാഗങ്ങള്‍ക്കിടെയിലെ തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്ന സംഭവ പരമ്പരയ്ക്ക് ആധാരമായത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി നടക്കുന്ന അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് ജീവനും ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകളും നഷ്ടമായി. വീടുകള്‍ നഷ്ടമായവര്‍ക്ക് പ്രീഫ്രാബ്രിക്കേറ്റഡ് വീടുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.