കൊച്ചി: കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും കണക്കുകൂട്ടലുകള്‍ പിഴച്ച തെരഞ്ഞെടുപ്പ് ഫലം കേരളം കണ്ടു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സിപിഎമ്മിന്റേയും എല്‍ഡിഎഫിന്റേയും കണക്കുകൂട്ടലുകളും പിഴച്ചു. പോസിറ്റീവും നെഗറ്റീവും പരസ്പരം മാറിപ്പോയി എന്നു മാത്രം. ബിജെപി കേരളത്തില്‍ ഇപ്പോള്‍ ഇതില്‍ കവിഞ്ഞൊന്നും പ്രതീക്ഷിച്ചിരുന്നുമില്ല.
വാസ്തവത്തില്‍ ഈ തെരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ കോണ്‍ഗ്രസിന് മുന്നില്‍ പുതിയൊരു വാതില്‍ തുറന്നിട്ടിരിക്കുകയാണ്. തോല്‍വിയില്‍ നിരാശരായി പരസ്പരം പുലഭ്യം പറഞ്ഞും കൊഞ്ഞനം കുത്തിയും മുറിയില്‍ ഇരിക്കാതെ തുറന്നിട്ട വാതിലിലൂടെ പുറത്തേക്കിറങ്ങുക... കണ്ണ് തുറന്ന് നോക്കുക. രാഷ്ടീയ കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി മനസിലാക്കുക.
അഴിമതിയും അതേച്ചൊല്ലിയുള്ള ആരേപണ പ്രത്യാരോപണങ്ങളും രാഷ്ട്രീയ മുന്നണികളുടെ വിജയ പരാജയങ്ങളെ ബാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യയില്‍ എന്നല്ല, ഏത് രാജ്യത്തും അതങ്ങനെ തന്നെയാണ്. അത്തരം നിരവധി സംഭവങ്ങള്‍ ചരിത്ര സത്യങ്ങളായി നമുക്ക് മുന്നിലുണ്ട്. പക്ഷേ, അതിനെല്ലാം ഉപരിയാണ് ജനങ്ങളുടെ സുരക്ഷിതത്വ ബോധം. ഒട്ടും അഴിമതിക്കറ പുരളാത്ത രാഷ്ട്രീയ നേതാക്കളെ ജനം ഇപ്പോള്‍ പ്രതീക്ഷിക്കുന്നില്ല. അങ്ങനെ പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് അവരെ പഠിപ്പിച്ചത് രാഷ്ടീയക്കാര്‍ തന്നെയാണ്.
ആര് വന്നാലും കുറച്ചൊക്കെ കൈയ്യിട്ടു വാരും. എന്നാലും തമ്മില്‍ ഭേദം ആര് എന്ന ചോദ്യത്തിന് മുന്‍പിലാണ് മേല്‍പ്പറഞ്ഞ സുരക്ഷിതത്വ ബോധത്തിന്റെ പ്രസക്തി. അത് പ്രതീക്ഷിക്കുന്നത് വ്യക്തികളാം...സമുദായങ്ങളാകാം... പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളാകാം. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് അത് നല്‍കാനാവുന്നില്ലെങ്കില്‍ അവസരം വരുമ്പോള്‍ ജനം കണക്ക് ചോദിക്കും.
അതാണ് കോണ്‍ഗ്രസിന് ദേശീയ തലത്തിലും ഇപ്പോള്‍ കേരളത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതിന് നേതൃമാറ്റം മാത്രമല്ല, നയ സമീപനങ്ങളിലും കാതലായ മാറ്റം വരണം. പുറകോട്ടൊന്ന് നടന്നാല്‍ മതി. അപ്പോള്‍ കാണാം നെഹ്‌റുവും ഇന്ദിരയുമൊക്കെ ഇന്ത്യയിലെ ജനങ്ങളെ കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിന് കീഴില്‍ എങ്ങനെയാണ് ചേര്‍ത്ത് പിടിച്ചിരുന്നതെന്ന്.
കേരളത്തിലേക്ക് തന്നെ മടങ്ങി വരാം... ചരിത്രത്തില്‍ സമാനതകളില്ലാത്ത ആരോപണങ്ങള്‍ നേരിട്ടാണ് പിണറായി സര്‍ക്കാരും ഇടത് മുന്നണിയും തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചെറിയ ആരോപണങ്ങളല്ല, ഭരണ തലവനായ മുഖ്യമന്ത്രിയുടെ ഒഫീസുപോലും വലിയ അഴിമതി ആരോപണങ്ങളുടെ കരിനിഴലിലാണ്.
അതൊക്കെ ശരി വയ്ക്കും വിധം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. പ്രൈവറ്റ് സെക്രട്ടറിയെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നു. പ്രതിപക്ഷത്തിന് ചാകര ആകേണ്ടതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. എന്നിട്ടും വിജയം ഭരിക്കുന്നവര്‍ക്കൊപ്പമായി. ഇവിടെയാണ് പിണറായി വിജയനെന്ന ഇരട്ടച്ചങ്കനായ രാഷ്ട്രീയ നേതാവിന്റെ പ്രസക്തി എന്നൊക്കെ പറയുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. അതില്‍ കുറച്ചൊക്കെ കാര്യവുമുണ്ട്.
എന്നാല്‍ യഥാര്‍ത്ഥ കാരണം മുമ്പ് സൂചിപ്പിച്ച സുരക്ഷിതത്വ ബോധത്തിലൂന്നിയ അടിയൊഴുക്കുകളാണന്ന് സസൂഷ്മം പരിശോധിച്ചാല്‍ ബോധ്യമാകും. ഉത്തരേന്ത്യയിലെ പടയോട്ടത്തിന് പിന്നാലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭരണമുറപ്പിച്ചു കൊണ്ടിരിക്കുന്ന ബിജെപിയുടെ കേരളത്തിലേക്കുള്ള വരവിനെ ചെറുക്കണമെന്നാഗ്രഹിക്കുന്ന നല്ലൊരു വിഭാഗം ജനത ഇവിടെയുണ്ട്. കോണ്‍ഗ്രസിന്റെ അയഞ്ഞ സമീപനം ബിജെപിയെ ചെറുക്കാനല്ല, സഹായിക്കാനേ ഉതകൂ എന്ന ബോധ്യം അവര്‍ക്കുണ്ട്. അത്തരക്കാര്‍ക്ക് മുന്നിലുള്ള ഇപ്പോഴത്തെ ഫസ്റ്റ് ചോയ്‌സ് സിപിഎമ്മും പിണറായി വിജയനുമാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വന്‍ വിജയം കോണ്‍ഗ്രസിന്റെ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമായിരുന്നു. അതിന്റെ ക്രെഡിറ്റ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കല്ല. നരേന്ദ്ര മോഡിയെ നിരന്തരം ആക്രമിച്ച് ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന്റെ ശക്തമായ മുഖമായി മാറിയ രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമായിരുന്നു ആ ചരിത്ര വിജയത്തിന്റെ കാരണം. അല്ലാതെ സര്‍ക്കാര്‍ വിരുദ്ധ വികാരമായിരുന്നില്ല.
ഇവിടെയാണ് കോണ്‍ഗ്രസ് ഫോക്കസ് ചെയ്യേണ്ടത്. മുഖ്യ ശത്രു ബി.ജെ.പിയാണെന്ന് അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാത്തവിധം പ്രഖ്യാപിച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകണം. എങ്കില്‍ മാത്രമേ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ടു പോയ സുരക്ഷിതത്വ ബോധവും വിശ്വാസവും വീണ്ടെടുക്കാനാവൂ. അതിന് ആദ്യമായി ചെയ്യേണ്ടത് ബിജെപിയുമായി പതിവ് രഹസ്യ കൂട്ടു കച്ചവടം നടത്തുന്ന ലൊടുക്ക് നേതാക്കന്‍മാരെ ഏതെങ്കിലും മൂലയ്ക്കിരുത്തണം. തലസ്ഥാന ജില്ലയിലാണ് ഇത്തരം കൂലംകുത്തികളുടെ ശല്യം കൂടുതലായുള്ളത്. കഴിഞ്ഞ മൂന്ന് ടേമിലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ തെരഞ്ഞെടുപ്പ് ഫലം പരിശേധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമല്ലോ.
മുസ്ലീം ലീഗിന്റെ കാര്‍മികത്വത്തില്‍ തീവ്ര മുസ്ലീം സംഘടനകളായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള പരസ്യ ബാന്ധവവും എസ്ഡിപിഐയുമായുള്ള രഹസ്യ ബാന്ധവവും ഇത്തവണ കോണ്‍ഗ്രസിന്റെ മതേതര മുഖത്തിനേല്‍പ്പിച്ച മുറിവ് ചെറുതല്ല. കോണ്‍ഗ്രസ് മുസ്ലീം ലീഗിന്റെ തടവറയിലാണെന്ന മറ്റ് മത ന്യൂനപക്ഷങ്ങളുടെ ആശങ്കയ്ക്ക് എരിതീയില്‍ എണ്ണ പകരുന്നതു പോലെയായി പുതിയ നീക്ക് പോക്കുകള്‍. എന്നിട്ടും മുസ്ലീംകളില്‍ നല്ലൊരു വിഭാഗത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ സിപിഎമ്മിനായി എന്നതാണ് കച്ചവടത്തില്‍ കോണ്‍ഗ്രസിനുണ്ടായ നഷ്ടം.
മുസ്ലീം ലീഗിനെ കടന്നാക്രമിച്ചു കൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റും ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ നേതൃത്വം ആരാകണമെന്ന് ലീഗ് നേതാക്കള്‍ തീരുമാനിക്കുന്ന ദയനീയ സാഹചര്യമാണ് യുഡിഎഫിലുള്ളതെന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം.
കേരളത്തില്‍ രാഷ്ട്രീയത്തോടൊപ്പം സാമുദായിക പിന്തുണകളുമായിരുന്നു കോണ്‍ഗ്രസിന്റെ കരുത്ത്. എന്നാല്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ഇതില്‍ പ്രകടമായ ചില മാറ്റങ്ങളുണ്ടായി. ഒരുകാലത്ത് ഭ്രഷ്ട് കല്‍പ്പിച്ച് സി.പി.എമ്മിനെ അകറ്റി നിര്‍ത്തിയിരുന്ന മുസ്ലീം ജനവിഭാഗത്തില്‍ നല്ലൊരു ശതമാനം പേര്‍ ഇന്ന് അവര്‍ക്കൊപ്പമെത്തി. കാലങ്ങളായി കോണ്‍ഗ്രസിനൊപ്പം ഉറച്ചുനിന്ന ക്രിസ്തീയ സഭാ വിഭാഗങ്ങളും മാറി ചിന്തിക്കുന്നു. കോണ്‍ഗ്രസിനെ ശക്തമായി പിന്തുണച്ചിരുന്ന നായര്‍ സമുദായം ബി.ജെ.പിയിലേക്ക് മാറി തുടങ്ങിയെന്നതും കോണ്‍ഗ്രസ് കാണാതെ പോകരുത്.
ഈ പ്രതിസന്ധികളെ ഫലപ്രദമായി നേരിടാന്‍ മതേതര പ്ലാറ്റ്‌ഫോമില്‍ നിന്ന് വ്യതിചലിക്കാതെ ബി.ജെ.പിക്കെതിരായ നീക്കം കോണ്‍ഗ്രസ് ശക്തമാക്കണം. ഒപ്പം മതതീവ്ര നിലപാടുകള്‍ സ്വീകരിക്കുന്ന മുസ്ലീം സംഘടനകളെ പടിക്ക് പുറത്ത് നിര്‍ത്താനുള്ള ആര്‍ജ്ജവവും കാണിക്കണം.
രാജ്യത്ത് എന്ത് സംഭവിച്ചാലും കോണ്‍ഗ്രസിനെ കൈവിടാത്ത മണ്ണാണ് കേരളം. മുടിയനായ പുത്രനെപ്പോലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയാലും തെറ്റു തിരുത്തി മടങ്ങി വന്നാല്‍ ഇരു കൈകളും നീട്ടി സ്വീകരിക്കാന്‍ പ്രബുദ്ധ കേരളത്തിന് മനസുണ്ട്. തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്.
ജയ്‌മോന്‍ ജോസഫ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.