മണിപ്പൂരില്‍ ബിജെപിക്ക് അന്ത്യശാസനം; എത്രയും വേഗം സമാധാനം പുനസ്ഥാപിച്ചില്ലേല്‍ പിന്തുണ പിന്‍വലിക്കേണ്ടി വരുമെന്ന് എന്‍പിപി

മണിപ്പൂരില്‍ ബിജെപിക്ക് അന്ത്യശാസനം; എത്രയും വേഗം സമാധാനം പുനസ്ഥാപിച്ചില്ലേല്‍ പിന്തുണ പിന്‍വലിക്കേണ്ടി വരുമെന്ന് എന്‍പിപി

ഇംഫാല്‍: കലാപമുഖരിതമായ മണിപ്പൂരില്‍ ബിജെപിക്ക് മുന്നറിയിപ്പുമായി സഖ്യകക്ഷിയായ എന്‍പിപി. സംസ്ഥാനത്ത് എത്രയും പെട്ടെന്ന് സമാധാനം പുനസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ബിജെപിയുമായുള്ള സഖ്യം പുനപരിശോധിക്കേണ്ടി വരുമെന്നും മണിപ്പൂരിലെ മുന്‍ ഉപമുഖ്യമന്ത്രിയും എന്‍പിപി ദേശീയ വൈസ് പ്രസിഡന്റുമായ യുംനം ജോയ്കുമാര്‍ സിംഗ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 355 നിലവിലുണ്ട്. അതിനാല്‍ ജനങ്ങളെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും കടമയാണ്. എന്നാല്‍ ഇവിടെ പ്രശ്ന പരിഹാരത്തിന് ശരിയായ ആസൂത്രണം നടക്കുന്നില്ല. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രമന്ത്രിയുടെ വീട് പോലും അഗ്‌നിക്കിരയാക്കുന്ന സാഹചര്യമുണ്ടായി. അമിത് ഷാ സംസ്ഥാനം സന്ദര്‍ശിച്ചിട്ടും കാര്യമായ മാറ്റങ്ങളൊന്നും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഹൈവേകള്‍ തുറക്കുന്ന ഒരു നടപടിയും ഇതുവരെ കണ്ടില്ല. കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സമാധാന സമിതി ജീവനില്ലാത്ത കുഞ്ഞിനെപ്പോലെയാണ്. തങ്ങള്‍ക്ക് നിശബ്ദരായ കാഴ്ചക്കാരായിരിക്കാന്‍ സാധിക്കില്ല. അക്രമം തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന വിഫലശ്രമങ്ങളില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

60 അംഗ നിയമസഭയില്‍ ബിജെപിക്ക് 32 എംഎല്‍എമാരാണുള്ളത്. എന്‍പിപിക്ക് ഏഴ് എംഎല്‍എമാരുണ്ട്. എന്‍പിപി പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാരിന് ഭീഷണിയില്ല. എന്നാല്‍ ബിജെപിക്കുള്ളില്‍ പോലും സര്‍ക്കാരിനെതിരെ അതൃപ്തി പുകയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഒരു മാസം മുമ്പാണ് മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപം മണിപ്പൂരില്‍ ആരംഭിച്ചത്. കലാപത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 11 ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിക്കുകയും ചെയ്തിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.