ബാങ്ക് കൊള്ളയടിക്കുമെന്ന് ഭീഷണിപ്പെടുത്തി; ജീവനക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ചു: ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍

ബാങ്ക് കൊള്ളയടിക്കുമെന്ന് ഭീഷണിപ്പെടുത്തി; ജീവനക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ചു: ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍

തൃശൂര്‍: അത്താണി ഫെഡറല്‍ ബാങ്കില്‍ ജീവനക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് യുവാവിന്റെ പരാക്രമം. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ ലിജോ എന്നയാളാണ് ബാങ്കില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബാങ്ക് കൊള്ളയടിക്കാന്‍ പോകുന്നുവെന്നു പറഞ്ഞ് ജീവനക്കാര്‍ക്കുനേരെ ഇയാള്‍ പെട്രോളൊഴിക്കുകയായിരുന്നു. ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി വടക്കാഞ്ചേരി പൊലീസിലേല്‍പ്പിച്ചു. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. തെക്കുംകര പഞ്ചായത്തിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റാണ് ഇയാള്‍. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഉദ്ദേശിച്ചാണ് കൃത്യം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പദ്ധതി.

വൈകീട്ട് ജീവനക്കാര്‍ മാത്രം അകത്തുള്ള സമയത്ത് ബാങ്കില്‍ കയറി. അസിസ്റ്റന്റ് മാനേജര്‍ ഇരിക്കുന്നിടത്തേക്കാണ് ആദ്യം ചെന്നത്. അവിടെയെത്തി കൈയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് പണവും ലോക്കറുകളുടെ ചാവികളും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.

പണമോ ചാവികളോ തരാത്ത പക്ഷം ബാങ്കില്‍ വെച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്നും തീ പടരുന്നതോടെ ബാങ്കിലെ എല്ലാവര്‍ക്കും അപകടം സംഭവിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതിനിടെ ജീവനക്കാരില്‍ ഒരാള്‍ പൊലീസില്‍ വിവരമറിയിച്ചു.

പൊലീസെത്തുന്നതിന് മുന്നേ തന്നെ ഇയാള്‍ ബാങ്കില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോഴേക്കും ജീവനക്കാര്‍ ഗ്രില്ലടക്കുകയും നാട്ടുകാരുടെ സഹായത്താല്‍ ഇയാളെ പിടികൂടി കെട്ടിയിടുകയും ചെയ്തു. പിന്നാലെ വടക്കാഞ്ചേരി പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.