ന്യൂഡല്‍ഹി: 'മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലേ? ആണെങ്കില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രതികരണങ്ങള്‍ക്ക് തയാറാകാത്തത്? രാഷ്ട്രീയ നേട്ടമുണ്ടാക്കാനല്ല തങ്ങള്‍ ഇവിടെയെത്തിയത്, സമാധാനം തേടിയാണ്. ദയവു ചെയ്ത് തങ്ങളെ സഹായിക്കണം'- മണിപ്പുരില്‍ നിന്നുള്ള പത്ത് പാര്‍ട്ടികളുടെ നേതാക്കള്‍ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രിയോടുള്ള ചോദ്യവും ആവശ്യവും.
മണിപ്പൂര്‍ കലാപം ആരംഭിച്ച് 46 ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ല എന്നാണ് പ്രതിപക്ഷ കക്ഷികളുടെ മുഖ്യ ആരോപണം. സംഘര്‍ഷത്തെക്കുറിച്ച് ധരിപ്പിക്കാന്‍ സംസ്ഥാനത്തു നിന്നുള്ള പത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രിയെ കാണാന്‍ സമയം തേടിയെങ്കിലും അനുവാദം നല്‍കിയിട്ടില്ല.
കഴിഞ്ഞ മൂന്ന് ദിവസമായി അവര്‍ ഡല്‍ഹിയില്‍ തുടരുകയാണ്. 20 ന് പ്രധാനമന്ത്രി വിദേശത്തേക്ക് പോകുകയാണ്. അതിന് മുമ്പ് കാണമെന്ന പ്രതീക്ഷയിലാണ് മണിപ്പൂരില്‍ നിന്നുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍.
മണിപ്പുരിലെ സംഘര്‍ഷത്തില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രതികരണങ്ങള്‍ക്ക് തയാറാകാത്തതെന്ന് മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് ചോദിച്ചു. മെയ് മുതല്‍ മണിപ്പുര്‍ കത്തുകയാണ്. എല്ലായിടത്തും കരച്ചിലും നിലവിളികളും മാത്രമാണ്. സ്ത്രീകളും കുട്ടികളുമടക്കം 20,000 ലേറെ പേര്‍ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നു. എന്നിട്ടും പ്രധാനമന്ത്രി മൗനം തുടരുകയാണ്.
'കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് ശേഷം സമാധാനമുണ്ടാകുമെന്ന് ജനങ്ങള്‍ കരുതി. ആഭ്യന്തര മന്ത്രി മണിപ്പുരിലെത്തി മൂന്ന് ദിവസം തങ്ങിയത് വളരെ അഭിമാനത്തോടെയാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പറഞ്ഞുനടക്കുന്നത്. അദ്ദേഹം സംസ്ഥാനത്തുണ്ടായിരുന്ന മൂന്ന് ദിവസവും മണിപ്പുര്‍ കത്തുകയായിരുന്നു'- ജെ.ഡി.യു ദേശീയ കൗണ്‍സില്‍ അംഗമായ നിമയ് ചന്ദ് ലുവാങ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.