ഇന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യ ദിനം
കൊച്ചി: മണിപ്പൂര്‍ കലാപത്തില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചും, മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടും കത്തോലിക്ക കോണ്‍ഗ്രസ് ഇന്ന് ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കും. കഴിഞ്ഞ ഒരു മാസമായി തുടരുന്ന കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോ, മണിപ്പൂര്‍ സര്‍ക്കാരിനോ സാധിക്കുന്നില്ലെന്നത് തികച്ചും ആശ്ചര്യജനകവും അതിലേറെ ഭീതി ജനകവുമാണെന്നു കത്തോലിക്കാ കോണ്‍ഗ്രസ് വിലയിരുത്തി.
പക്ഷപാതപരമായി മെയ്തേയി വിഭാഗത്തിന് ഒത്താശ ചെയ്ത് പെരുമാറുന്ന മണിപ്പൂരിലെ ദുര്‍ബലമായ സംസ്ഥാന ഭരണകൂടത്തെ പിരിച്ചുവിട്ട്, നിഷ്പക്ഷ നിയമവാഴ്ച ഉറപ്പാക്കാനുള്ള നടപടികള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും അടിയന്തിരമായി ഉണ്ടാകണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ശക്തമായ നടപടികളിലൂടെ കലാപം അമര്‍ച്ച ചെയ്യുകയും, വനത്തിലും ദുരിതാശ്വാസ ക്യാമ്പുകളിലും താമസിക്കുന്നവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നത് ഉറപ്പാക്കുന്നതിനൊപ്പം, ഭാവിയില്‍ ഇത്തരത്തില്‍ കലാപങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലാണ് ഇക്കാര്യത്തില്‍ ആവശ്യമായിരിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ 355 വകുപ്പ് അനുസരിച്ച് മണിപ്പൂരിന്റെ ക്രമസമാധാനം പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ ക്രമസമാധാനം ഉറപ്പു വരുത്തുവാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയും കടമയുമുണ്ട്.
മണിപ്പൂരിലെ കലാപം രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വെറും ഒരു കലാപമായി കാണുവാന്‍ കഴിയില്ല എന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതി വിലയിരുത്തി. രണ്ടു വിഭാഗങ്ങളിലെയും ക്രൈസ്തവ ആരാധനാലയങ്ങളും സ്ഥാപനങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നത് വലിയ ഒരു ഗൂഡാലോചനയുടെ ഭാഗമാണേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ക്രൈസ്തവരെയും, ക്രൈസ്തവ ദേവാലയങ്ങളെയും, സ്ഥാപനങ്ങളെയും തിരഞ്ഞു പിടിച്ചു നശിപ്പിക്കുന്നത് തികച്ചും അപലനീയമാണെന്നാണ് സമിതി വിലയിരുത്തല്‍. സര്‍ക്കാര്‍ തന്നെ അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണവും, സര്‍ക്കാര്‍ ശേഖരത്തില്‍ നിന്നും ആധുനിക ആയുധങ്ങള്‍ കവര്‍ന്നെടുക്കുവാന്‍ അക്രമികള്‍ക്ക് അവസരം നല്‍കിയിരിക്കുന്നു എന്ന ആരോപണവും മണിപ്പൂര്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ ആക്കിയിരിക്കുന്നു സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതി യോഗം ആവശ്യപ്പെട്ടു.
മണിപ്പൂരില്‍ അതിക്രൂരമായി വേട്ടയാടപ്പെടുന്ന ക്രൈസ്തവ സമുദായത്തോടും, പൊതു സമൂഹത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ഇന്ന് എല്ലാ യൂണിറ്റുകളിലും ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കും.എല്ലാ യൂണിറ്റുകളിലും പ്രതിഷേധ യോഗങ്ങളും, പ്രാര്‍ത്ഥനകളും സംഘടിപ്പിക്കും.
ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം നിര്‍വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശ്ശേരി, ഭാരവാഹികളായ ഡോ. ജോസ്‌കുട്ടി .ജെ ഒഴുകയില്‍, രാജേഷ് ജോണ്‍, ബെന്നി ആന്റണി, വര്‍ഗീസ് ആന്റണി, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഡോ. ചാക്കോ കാളാംപറമ്പില്‍, തോമസ് ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.