കോഴിക്കോട്: കഴിഞ്ഞ ദിവസത്തെ 'കെടക്ക് അകത്ത്' പരിഹാസത്തിന് പിന്നാലെ കോണ്‍ഗ്രസ് പുറത്തുവിട്ട 'യു ടേണ്‍' പട്ടികയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഏഴ് വര്‍ഷത്തിനിടെ പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശേഷം പിന്നോട്ടുപോയെ 14 ഓളം പദ്ധതികളുടെയും പരിപാടികളുടേയും പട്ടിക പങ്കുവച്ചാണ് മുരളീധരന്‍ ഫേസ്ബുക്കിലൂടെ പിണറായി വിജയനെയും സര്‍ക്കാരിനെയും പരിഹസിച്ചത്.
യു ടേണുകളിലെ റെക്കോര്‍ഡിന്റെ പേരില്‍ മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകത്തെ അമ്പരപ്പിച്ചതെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തെ കൊന്ന ഏഴ് വര്‍ഷങ്ങള്‍ എന്ന കോണ്‍ഗ്രസ് സാമൂഹിക മാധ്യമ ക്യാമ്പയിനിന്റെ ഭാഗമായാണ് കെ.മുരളീധരന്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
ശാസ്ത്രീയമായി എങ്ങനെ യു ടേണ്‍ നടത്താം എന്നതിലെ 'ലോകത്തിന്റെ കെ പുരസ്‌കാരം' പിണറായി വിജയന്റെ സര്‍ക്കാരിന് മാത്രം അവകാശപ്പെട്ടതാണ്. 'പാവം പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് നിര്‍ബന്ധിച്ചു കയ്യടിപ്പിച്ച 'കെ റെയില്‍ വരും കേട്ടോ...' എന്ന പിണറായിയുടെ പ്രഖ്യാപനം കേരളത്തിലെ കുട്ടികളെ പോലും ചിരിപ്പിക്കുന്ന വലിയ തമാശയാണ്.
തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ആദ്യ ദിനം നടത്തിയ ആ പ്രഖ്യാപനം തൃക്കാക്കരയില്‍ വച്ചുതന്നെ യു ടേണ്‍ അടിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തും എന്ന സര്‍ക്കാര്‍ പ്രഖ്യാപനം വണ്ടിയുടെ ഡോര്‍ തുറന്ന് യു ടേണ്‍ അടിപ്പിച്ചത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആയിരുന്നു.
ഗവര്‍ണറെ വിഴുങ്ങും എന്ന് പ്രഖ്യാപിച്ചു പുറപ്പെടുന്ന എല്ലാ വണ്ടികളും രാജ്ഭവന്‍ മുറ്റത്ത് വച്ചു യു ടേണ്‍ അടിച്ചു തിരിച്ചു വരികയാണ് പതിവ്. പിണറായി വിജയന്‍ തിരിഞ്ഞോടാന്‍ ബാക്കിയുണ്ടായിരുന്ന ഏക മേഖലയായിരുന്നു ഡിജിറ്റല്‍ രംഗം. സ്പ്രിങ്ക്ളര്‍ ഇല്ലെങ്കില്‍ കേരളത്തിനു കോവിഡ് ഭീഷണി നേരിടാന്‍ കഴിയില്ല എന്ന് പറഞ്ഞ സര്‍ക്കാര്‍ പദ്ധതി വിവാദം ആവുകയും കോടതി ഇടപെടുകയും ചെയ്തത്തോടെ ഡിജിറ്റല്‍ ടേണ്‍ അടിച്ചു ഡിലീറ്റ് ചെയ്തു രക്ഷപെട്ടു.
കേരളത്തിലെ പതിനാല് ജില്ലകളിലും യു ടേണ്‍ അടിച്ചു ബോറടിച്ച മുഖ്യമന്ത്രി നേരെ പോയത് വിദേശത്തേക്കാണ്. ആഗോള സാമ്പത്തിക ഏജന്‍സികള്‍ക്കും ലോക ബാങ്കിനും എതിരായി സിപിഎം നയിച്ച ആക്രമ സമരത്തില്‍ സഖാക്കള്‍ ചിന്തിയ ചോരക്ക് വെള്ളത്തിന്റെ വില പോലും നല്‍കാതെയാണ് ലണ്ടനിലും, അമേരിക്കയിലും പോയി വിവിധ പാശ്ചാത്യ സാമ്പത്തിക സ്ഥാപനങ്ങളുമായി കരാര്‍ ഉണ്ടാക്കി യു ടേണ്‍ അടിച്ചത്. പരാജിത ഭരണാധികാരി കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ എടുത്ത യു ടേണ്‍ കൊണ്ട് നാടിന് നഷ്ടം കോടിക്കണക്കിനു രൂപയാണെന്ന് കെ. മുരളീധരന്‍ ഫെയ്സ്ബുക്കിലൂടെ കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.