കര്‍ണാടകയിലെ വിവാദ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കാനുള്ള നടപടി സ്വാഗതാര്‍ഹം: സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍

കര്‍ണാടകയിലെ വിവാദ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കാനുള്ള നടപടി സ്വാഗതാര്‍ഹം: സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍

കൊച്ചി: ഇന്ത്യന്‍ ഭരണഘടന അനുവദിച്ച് നല്‍കിയ മതസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടുകൊണ്ട് കര്‍ണാടകയില്‍ നടപ്പിലാക്കിയ വിവാദ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കണ്‍വീനര്‍ ബിഷപ് തോമസ് തറയില്‍.

ഈ തീരുമാനം മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും വിലമതിക്കുന്നവര്‍ക്കും എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. സ്വന്തം മതവിശ്വാസം അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയെ തമസ്‌കരിച്ച് നിക്ഷിപ്ത താല്‍പര്യങ്ങളോടെ തയ്യാറാക്കുന്ന മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പലപ്പോഴും ന്യൂനപക്ഷ മതവിഭാഗങ്ങളോടുള്ള പീഡനമായി മാറുന്നു.

ഉത്തരേന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ ഈ നിയമത്തിന്റെ പേരില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്നു. അവിടങ്ങളില്‍ നൂറ്റാണ്ടുകളായി നടത്തിവരുന്ന സേവനങ്ങളെപ്പോലും ദുര്‍വ്യാഖ്യാനം ചെയ്ത് മതപരിവര്‍ത്തനമെന്ന് മുദ്രകുത്തി വൈദികരെയും സന്യസ്തരെയും അറസ്റ്റു ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്.

കര്‍ണാടകയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന ഭീതി ഒഴിവായത് ആശ്വാസകരമാണ്. കര്‍ണാടകയുടെ മാതൃക സ്വീകരിച്ച് ഈ നിയമം നിലവിലുള്ള എല്ലാസംസ്ഥാനങ്ങളിലും ഇത് പിന്‍വലിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകണമെന്നും രാഷ്ട്രത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കപ്പെടണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26