കത്തോലിക്കാ വൈദികരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം

കത്തോലിക്കാ വൈദികരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം

മനാഗ്വേ: നിക്കരാഗ്വന്‍ രൂപതകളിലെ നിരവധി വൈദികരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ട് സ്വേച്ഛാധിപത്യ ഭരണകൂടം. പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയും ഭാര്യ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയും നേതൃത്വം നല്‍കുന്ന ഭരണകൂടമാണ് വൈദികര്‍ക്കു നേരെ അതിരുവിട്ട പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്. നിക്കരാഗ്വന്‍ അഭിഭാഷകയും ഗവേഷകയുമായ മാര്‍ത്ത പട്രീഷ്യ മോളിനയാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്.

ഗ്രാനഡ, ജിനോടെഗ, ലിയോണ്‍, മതാഗല്‍പ, എസ്റ്റെലി തുടങ്ങിയ രൂപതകളിലെ വൈദികരാണ് തന്നെ ഈ വിവരം അറിയിച്ചതെന്ന് അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. 'നിക്കരാഗ്വ: എ പെര്‍സിക്യൂട്ടഡ് ചര്‍ച്ച്?' എന്ന റിപ്പോര്‍ട്ടിന്റെ രചയിതാവാണ് മാര്‍ത്ത പട്രീഷ്യ മോളിന.

ജൂണ്‍ 14 മുതലാണ് വൈദികരുടെ വ്യക്തിപരമായ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തുടങ്ങിയത്. 'ആദ്യം, അവരില്‍ ചിലര്‍ കമ്പ്യൂട്ടര്‍ തകരാറാണെന്നു കരുതി. തുടര്‍ന്ന് വൈദികര്‍ ബ്രാഞ്ച് ബാങ്കിലേക്ക് പോയി. ഒരു മുന്നറിയിപ്പും നല്‍കാതെ അവരുടെ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ബാങ്ക് വാക്കാല്‍ അറിയിച്ചു' - മോളിന പറഞ്ഞു.

ഇത് രാജ്യത്തെ കത്തോലിക്കാ സഭക്കെതിരായ നിക്കരാഗ്വ ഭരണകൂടത്തിന്റെ മറ്റൊരു സ്വേച്ഛാപരമായ നടപടിയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി. മെയ് 27-ന് നിക്കരാഗ്വന്‍ നാഷണല്‍ പോലീസ് പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയില്‍, കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങള്‍ കത്തോലിക്കാ സഭക്കു നേരെ ചുമത്തിയിരുന്നു. എന്നാല്‍ ഇത് തെളിയിക്കാന്‍ മതിയായ രേഖകളോ, തെളിവുകളോ ഇല്ലായിരുന്നു.

നിരവധി രൂപതകളുടെയും മനാഗ്വ അതിരൂപതയുടെയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാന്‍ ഭരണകൂടം ഉത്തരവിട്ടിരുന്നു. ഇതുകൂടാതെ ഇടവകകള്‍, ഇടവക സ്‌കൂളുകള്‍, രൂപീകരണ ഭവനങ്ങള്‍ എന്നിവയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഉത്തരവിട്ടു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, സഭയ്ക്കെതിരെ കുറഞ്ഞത് 529 ആക്രമണങ്ങള്‍ ഉണ്ടായതായി 'നിക്കരാഗ്വ: എ പെര്‍സിക്യൂട്ടഡ് ചര്‍ച്ച്?' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 2023-ല്‍ ഇതുവരെ 90 ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ മതഗല്‍പ രൂപതാ മെത്രാന്‍ റോളണ്ടോ അല്‍വാരെസിനെ അന്യായമായി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നതും 32 കന്യാസ്ത്രീകളെ നാടുകടത്തിയതും ഏഴോളം പള്ളി കെട്ടിടങ്ങള്‍ കണ്ടുകെട്ടിയതും സഭാ മാധ്യമങ്ങള്‍ അടച്ചുപൂട്ടിയതും റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നുണ്ട്. ജനാധിപത്യത്തെ പിന്തുണയ്ക്കുന്ന കത്തോലിക്കാ സഭയുടെ നിലപാടാണ് ഒര്‍ട്ടേഗയുടെ ശത്രുതയ്ക്കു കാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.