കൊച്ചി: വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ഒന്നര മാസത്തിലധികമായി തുടരുന്ന കലാപം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളുടെയും അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യം രാജ്യമെങ്ങുനിന്നും ഉയര്‍ന്നിട്ടും നടപടിയുണ്ടാകാത്തതില്‍ ദുരൂഹതയേറുന്നു.
കേന്ദ്ര സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അക്രമം അടിച്ചമര്‍ത്തി സമാധാനം കൈവരിക്കാനാകുമായിരുന്നിട്ടും അത്തരമൊരു നീക്കം ഉണ്ടാകുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ക്രൈസ്തവ ഭൂരിപക്ഷമുള്ള കുക്കികളും ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള മെയ്‌തേയി വിഭാഗവുമായാണ് ഏറ്റുമുട്ടല്‍ നടക്കുന്നത് എന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നതെങ്കിലും മണിപ്പൂരില്‍ 41 ശതമാനം വരുന്ന ക്രൈസ്തവരെ ആട്ടിയോടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അവിടെ നിന്നുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നു. കോടതി വിധിക്കെതിരെ പ്രതികരിച്ച കുക്കി ഗോത്രവര്‍ഗ സമൂഹത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കലാപമാണ് യഥാര്‍ത്ഥത്തില്‍ അരങ്ങേറിയിട്ടുള്ളത്.
മണിപ്പൂരിലെ താഴ് വര പ്രദേശത്ത് താമസിക്കുന്ന മെയ്‌തേയി വിഭാഗത്തിന് പട്ടികവര്‍ഗ സംവരണം നല്‍കുന്നതിനുള്ള ഹൈക്കോടതി വിധിയെ തുടര്‍ന്ന് മെയ് മൂന്നിനാണ് കലാപം ആരംഭിച്ചത്. അവികസിതവും മലയോരവുമായ പ്രദേശത്ത് ജീവിക്കുന്ന കുക്കി ഗോത്ര വര്‍ഗത്തിനുള്ള സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ ഇതുവഴി ഇല്ലാതാകുമെന്നതിനാല്‍ കുക്കികള്‍ ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങി.
നിയമസഭയിലും സര്‍ക്കാര്‍ ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും ഇപ്പോള്‍ തന്നെ അറുപത് ശതമാനത്തിലധികം പങ്കാളിത്തമുള്ള മെയ്‌തേയികള്‍ക്ക് സംവരണം കൂടി ലഭിച്ചാല്‍ അതുവഴി കുക്കികള്‍ പൂര്‍ണമായും അധികാരത്തില്‍ നിന്നും സര്‍ക്കാര്‍ ഉദ്യേഗത്തില്‍ നിന്നും ഒഴിവാക്കപ്പെടുമെന്ന് അവര്‍ ആശങ്കപ്പെടുന്നു.
കുക്കി യുവാക്കളുടെ പ്രതിഷേധത്തോടൊപ്പം പൊട്ടിപ്പുറപ്പെട്ട കലാപത്തെ തുടര്‍ന്ന് മെയ് മൂന്നിന് ഇന്ത്യന്‍ ഭരണഘടനയുടെ വകുപ്പ് 355 അനുസരിച്ച് മണിപ്പൂരിന്റെ ക്രമസമാധാനം പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു.
കലാപം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി മെയ് 31 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്യമായി ഫലം കണ്ടിട്ടില്ല. കലാപത്തിന്റെ തുടക്കത്തില്‍ ഇത് രണ്ട് ഗോത്രവര്‍ഗ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായിരുന്നെങ്കില്‍ ഇന്നത് വലിയ വര്‍ഗീയ സംഘര്‍ഷത്തിന്റെയും ക്രൈസ്തവ ഉന്മൂലനത്തിന്റെയും അക്രമമായി മാറി.
രണ്ടു വിഭാഗങ്ങളിലെയും ക്രൈസ്തവ ആരാധനാലയങ്ങളും സ്ഥാപനങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ തന്നെ കണക്കനുസരിച്ച് 272 ദുരിതാശ്വാസ ക്യാമ്പുകളിലായി 37,450 പേര്‍ കഴിയുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ വനത്തിനുള്ളില്‍ അഭയം തേടിയിരിക്കുകയാണ്.
മുന്നൂറിലധികം ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവരുടെ നിരവധി ആതുരാലയങ്ങളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനോടകം തകര്‍ക്കപ്പെട്ടു. കുക്കി ഗോത്ര മേഖലകളിലേക്ക് ആയുധധാരികളായ മേയ്‌തേയി വിഭാഗക്കാര്‍ കടന്നു കയറുകയും ഗ്രാമങ്ങള്‍ അപ്പാടെ തീ വച്ച് നശിപ്പിക്കുകയുമാണെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ തന്നെ അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്നാണ് മണിപ്പൂര്‍ സന്ദര്‍ശിച്ച എംപിമാര്‍ പറയുന്നത്. കുക്കി വിഭാഗത്തില്‍പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരെയും മണിപ്പൂരിലെ മലയോര മേഖലകളില്‍ നിന്നും കലാപത്തിനു മുന്‍പ് സ്ഥലം മാറ്റിയതായി ആക്ഷേപമുണ്ട്. കൂടാതെ, മെയ്‌തേയി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ശേഖരത്തില്‍ നിന്നും ആധുനിക ആയുധങ്ങള്‍ കവര്‍ന്നെടുക്കാന്‍ അവസരം ഒരുക്കിയെന്ന ആരോപണവുമുണ്ട്.
ഇതില്‍ നിന്നും കുക്കികളുടെ മേല്‍ മെയ്‌തേയികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിലൂടെ പരിഹാരമുണ്ടാവില്ല എന്ന് വ്യക്തമാണ്. കലാപത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരിലെ ക്രമസമാധാന പാലന ചുമതല പൂര്‍ണമായും ഏറ്റെടുത്തതിനു ശേഷവും ആക്രമണം തുടരുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന് കലാപം അമര്‍ച്ചമര്‍ത്താന്‍ താല്‍പര്യമില്ല എന്ന ആരോപണം ശക്തമാണ്. ഇക്കാര്യത്തിലുള്ള പ്രധാനമന്ത്രിയുടെ മൗനവും ദുരൂഹമാണ്.
കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ശക്തമാക്കി ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സുരക്ഷയും അവര്‍ക്ക് മരുന്നും ഭക്ഷണവും ലഭ്യമാക്കാനുള്ള സംവിധാനങ്ങളും അടിയന്തരമായി ചെയ്യേണ്ടതുണ്ട്. മണിപ്പൂരില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയുടെയും സംസ്ഥാന മന്ത്രിയുടെയും വീടുകള്‍ വരെ അക്രമികള്‍ അഗ്‌നിക്കിരയാക്കിയിരിക്കുന്നു. ഇത് കാണിക്കുന്നത് ക്രമസമാധാന പാലന ചുമതല കേന്ദ്രം ഏറ്റെടുത്തിട്ടും മണിപ്പൂരിലെ നിയന്ത്രണം പൂര്‍ണമായും കലാപകാരികളുടെ കയ്യിലാണ് എന്നതാണ്.
ശക്തമായ നടപടികളിലൂടെ കലാപം അമര്‍ച്ച ചെയ്യുകയും വനത്തിലും ദുരിതാശ്വാസ ക്യാമ്പുകളിലും താമസിക്കുന്നവര്‍ക്ക് സഹായങ്ങളെത്തിക്കുകയും ഭാവിയില്‍ ഇത്തരം കലാപങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടലാണ് ആവശ്യം.
ഹൈന്ദവ ഭൂരിപക്ഷമുള്ള മെയ്‌തേയി വിഭാഗത്തിന് പക്ഷപാതപരമായി ഒത്താശ ചെയ്തു കൊടുക്കുന്ന മണിപ്പൂരിലെ ദുര്‍ബലമായ സംസ്ഥാന ഭരണകൂടത്തെ പിരിച്ചുവിട്ട് നിഷ്പക്ഷ നിയമവാഴ്ച ഉറപ്പാക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തരമായി ഉണ്ടാകണമെന്ന ആവശ്യമാണ് രാജ്യമെങ്ങുനിന്നും ഉയരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.