സുഡാൻ തലസ്ഥാനത്ത് വ്യോമാക്രമണം; അഞ്ച് കുട്ടികൾ ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടു

സുഡാൻ തലസ്ഥാനത്ത് വ്യോമാക്രമണം; അഞ്ച് കുട്ടികൾ ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടു

ഖാർത്തൂം: സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ നടന്ന വ്യോമാക്രമണത്തിൽ അഞ്ച് കുട്ടികളടക്കം 17 പേർ കൊല്ലപ്പെട്ടു. ജനവാസ കേന്ദ്രങ്ങൾ മറയാക്കിയ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വിമതരെ ലക്ഷ്യമിട്ടു കഴിഞ്ഞദിവസങ്ങളിലാണു സൈന്യം വ്യോമാക്രമണം ശക്തമാക്കിയത്. ആർഎസ്എഫ് കയ്യേറിയ വീടുകളിൽനിന്ന് അകന്നുനിൽക്കാനും ജനങ്ങളോടു സൈന്യം ആവശ്യപ്പെട്ടു.

തെക്കൻ ഖാർത്തൂമിലെ യോർമൂക്ക് പരിസരത്ത് നടന്ന ആക്രമണത്തിൽ നിരവധി വീടുകൾ തകർന്നു. മരിച്ചവരിൽ അഞ്ച് കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടുന്നു. പരിക്കേറ്റ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. വിമാനമാണോ ഡ്രോൺ ആണോ ആക്രമണത്തിന് ഉപയോഗിച്ചത് എന്നത് വ്യക്തമല്ല. ഒരു പോർവിമാനം വെടിവച്ചിട്ടതായി വിമതർ അവകാശപ്പെട്ടു.

സുഡാൻ സൈന്യവും അർധ സൈനികവിഭാഗമായ ആർഎസ്എഫും തമ്മിലുള്ള യുദ്ധം മൂന്നാം മാസത്തിലേക്കു പ്രവേശിക്കുമ്പോൾ ഖാർത്തൂമിൽ കുടുങ്ങിയ ജനങ്ങൾ മരുന്നും ഭക്ഷണവുമില്ലാതെ വലയുകയാണ്. നൂറു കണക്കിനാളുകൾ കൊല്ലപ്പെട്ട യുദ്ധത്തിൽ 22 ലക്ഷം പേരാണു പലായനം ചെയ്തത്.

കഴിഞ്ഞ ദിവസം ടിവി അഭിമുഖത്തിൽ ആർഎസ്എഫ് വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച വെസ്റ്റ് ഡാഫർ ഗവർണർ ഖമീസ് അബാകർ മണിക്കൂറുകൾക്കകം കൊല്ലപ്പെട്ടു. അതേ സമയം യുഎസ്, സൗദി മധ്യസ്ഥതയിൽ ജിദ്ദയിൽ നടന്ന ചർച്ചയിൽ അഞ്ച് ദിവസത്തെ വെടിനിർത്തലിനു ധാരണയായെന്നു റിപ്പോർട്ടുണ്ട്. മുൻപുണ്ടാക്കിയ വെടിനിർത്തൽ കരാറുകളെല്ലാം മണിക്കൂറുകൾക്കകം പരാജയപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.