ശവപ്പെട്ടിയില്‍നിന്ന് ജീവനോടെ പുറത്തെത്തിയ വയോധികയ്ക്ക് ഏഴു ദിവസത്തിനു ശേഷം ആശുപത്രിയില്‍ അന്ത്യം

ശവപ്പെട്ടിയില്‍നിന്ന് ജീവനോടെ പുറത്തെത്തിയ വയോധികയ്ക്ക് ഏഴു ദിവസത്തിനു ശേഷം ആശുപത്രിയില്‍ അന്ത്യം

ക്വിറ്റോ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ സംസ്‌കാരച്ചടങ്ങിനായി കൊണ്ടുപോകുന്നതിനിടെ, മരിച്ചെന്ന് കരുതിയ വയോധിക ശവപ്പെട്ടിയില്‍ മുട്ടിയ സംഭവം വലിയ വാര്‍ത്തയായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച 76കാരി മരിച്ചെന്ന് ഡോക്ടര്‍മാര്‍ തെറ്റായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സംസ്‌കാരച്ചടങ്ങ് നിശ്ചയിച്ചത്. അതിനിടെയാണ് ശവപ്പെട്ടിയില്‍നിന്ന് വയോധിക ജീവനോടെ പുറത്തുവന്നത്. ആരോഗ്യനില മോശമായിരുന്ന 76കാരിയെ ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന വീട്ടുകാരുടെ പ്രതീക്ഷ അധികം ദിവസം നീണ്ടുനിന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഏഴാം ദിവസം വയോധിക മരണത്തിന് കീഴടങ്ങി.

76 വയസുകാരിയായ ബെല്ല മോഡോയ ആണ് ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന് പ്രതീക്ഷ നല്‍കിയ ശേഷം മരിച്ചത്. അത്യാഹിത വിഭാഗത്തില്‍ ഒരാഴ്ചയായി ചികിത്സയില്‍ കഴിയുന്നതിനിടെ, സ്ട്രോക്ക് വന്നതിനെ തുടര്‍ന്നായിരുന്നു മരണം.

ശവപ്പെട്ടിയില്‍ നിന്ന് വയോധിക ജീവനോടെ പുറത്തെത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിക്കുകയും അന്താരാഷ്ട്രാ ശ്രദ്ധ നേടുകയും ചെയ്തു. ഒടുവില്‍, മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ച് വന്ന ബെല്ല, യഥാര്‍ത്ഥത്തില്‍ മരിച്ചതായി സര്‍ക്കാര്‍ ഔദ്ധ്യോഗികമായി അറിയിച്ചു.

ജൂണ്‍ ഒന്‍പതിന് പക്ഷാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ബെല്ല മരിച്ചെന്ന് ആദ്യം ഡോക്ടര്‍മാര്‍ തെറ്റായി സ്ഥിരീകരിക്കുകയായിരുന്നു. മരിച്ചെന്ന് കരുതി ശവപ്പെട്ടിയില്‍ കിടത്തി സംസ്‌കാരച്ചടങ്ങിനായി കൊണ്ടുപോകുമ്പോഴാണ് ബെല്ല ശവപ്പെട്ടിയില്‍ മുട്ടിയത്. അഞ്ചു മണിക്കൂര്‍ നേരമാണ് ബെല്ല ശവപ്പെട്ടിയില്‍ കഴിഞ്ഞത്. ശവപ്പെട്ടിയില്‍നിന്ന് മുട്ടുന്ന ശബ്ദം കേട്ട് ബന്ധുക്കള്‍ നോക്കിയപ്പോഴാണ് ബെല്ലയെ ജീവനോടെ കണ്ടത്. ശ്വാസം കിട്ടാതെ കിതയ്ക്കുന്ന അവസ്ഥയിലായിരുന്നു 76കാരി.

ശ്വസന പ്രക്രിയയും ഹൃദയമിടിപ്പും നിലയ്ക്കുന്ന കാര്‍ഡിയോ റെസ്പിറേറ്ററി അറസ്റ്റിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ മരിച്ചതായി തെറ്റായി വിധിയെഴുതിയത്. ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അടിയന്തര ശൂശ്രൂഷ നല്‍കിയെങ്കിലും അതിനോടും പ്രതികരിച്ചില്ല. ഇതോടെയാണ് ബെല്ല മരിച്ചതായി ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്.

ഗുരുതരാവസ്ഥയില്‍ രാവിലെ ഒന്‍പത് മണിക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബെല്ലയുടെ മകന്‍ പറയുന്നു. ഉച്ചയോടെ മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ശവപ്പെട്ടിയില്‍ കിടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ജീവനുണ്ടെന്ന് തിരിച്ചറിയുന്നതെന്നും മകന്‍ പറയുന്നു.

സംഭവം വിവാദമായതോടെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. മരണം സ്ഥിരീകരിച്ച ഡോക്ടര്‍മാരോട് വിശദീകരണം തേടി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ആരോഗ്യ വകുപ്പ് പത്രക്കുറിപ്പ് ഇറക്കി. ബെല്ലയെ കൂടുതല്‍ പരിശോധനയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലായിരുന്നു ഇവര്‍. അമ്മ തിരികെ ജീവിതത്തിലേക്ക് വന്ന അതേ സെമിത്തേരിയില്‍ തന്നെ പൊതുചടങ്ങായി അമ്മയുടെ സംസ്‌കാരം നടത്തുമെന്നു മകന്‍ പറഞ്ഞു.

കൂടുതല്‍ വായനയ്ക്ക്:

ശവപ്പെട്ടിയിൽ നിന്ന് മുട്ടുന്ന ശബ്ദം; ആശുപത്രി അധികൃതർ മരിച്ചെന്ന് വിധിയെഴുതിയ 76കാരിക്ക് പുനർ ജന്മം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.