ഇന്ത്യന്‍ വ്യോമഗതാഗത ചരിത്രത്തിലെ വമ്പന്‍ കരാറുമായി ഇന്‍ഡിഗോ; എയര്‍ബസില്‍ നിന്ന് 500 വിമാനങ്ങള്‍ വാങ്ങുന്നു

ഇന്ത്യന്‍ വ്യോമഗതാഗത ചരിത്രത്തിലെ വമ്പന്‍ കരാറുമായി ഇന്‍ഡിഗോ; എയര്‍ബസില്‍ നിന്ന് 500 വിമാനങ്ങള്‍ വാങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ കരാറുമായി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ. ഫ്രഞ്ച് വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസില്‍ നിന്ന് എ 320 ശ്രേണിയില്‍പ്പെടുന്ന 500 വിമാനങ്ങള്‍ വാങ്ങുമെന്ന് ഇന്‍ഡിഗോ തിങ്കളാഴ്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അടുത്തിടെ എയര്‍ ഇന്ത്യ ഒപ്പിട്ട 470 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിനെയാണ് ഇന്‍ഡിഗോ മറികടന്നിരിക്കുന്നത്.

വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ പാരിസ് എയര്‍ ഷോയില്‍വെച്ച് ഇന്‍ഡിഗോ ബോര്‍ഡ് ചെയര്‍മാന്‍ വി. സുമന്ത്രനും ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സും എയര്‍ബസ് സിഇഒ ഗില്ലോം ഫോറിയും എയര്‍ബസ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ആന്‍ഡ് ഹെഡ് ഓഫ് ഇന്റര്‍നാഷണല്‍ ക്രിസ്റ്റിയന്‍ ഷെററും ചേര്‍ന്ന് ഒപ്പുവെച്ചു. വ്യോമഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ വിപണന കരാറാണിതെന്ന് എയര്‍ബസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഈ പുതിയ കരാര്‍ ഇന്‍ഡിഗോയും എയര്‍ബസും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഇന്‍ഡിഗോ കുറിപ്പില്‍ പറഞ്ഞു. കമ്പനി പ്രവര്‍ത്തനമാരംഭിച്ച 2006 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ എയര്‍ബസില്‍ നിന്ന് 1,330 വിമാനങ്ങള്‍ വാങ്ങിയതായും കുറിപ്പില്‍ ഇന്‍ഡിഗോ വ്യക്തമാക്കി. ഇന്ധനക്ഷമത കൂടുതലുള്ള എ 320 നിയോ വിമാനങ്ങള്‍ പ്രവര്‍ത്തന ചിലവ് കുറയ്ക്കുമെന്നും അതിലൂടെ കൂടുതല്‍ മികച്ച സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാകുമെന്നും ഇന്‍ഡിഗോ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.