പാലക്കാട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസിലെ മുഖ്യപ്രതിയും മുന്‍ എസ്.എഫ്.ഐ നേതാവുമായ കെ. വിദ്യ പിടിയില്‍. കോഴിക്കോട് മേപ്പയൂരില്‍ നിന്നാണ് പാലക്കാട് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്.
മേപ്പയൂര്‍, വടകര പ്രദേശങ്ങളില്‍ വിദ്യക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. മേപ്പയൂരില്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു വിദ്യ. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് പിടികൂടിയത്.
പാലക്കാട് അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരെ പാലക്കാട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.
പാലക്കാട് അഗളി പൊലീസും കാസര്‍കോട് നീലേശ്വരം പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യ പിടിയിലായത്.
വ്യാജരേഖ കേസില്‍ പ്രതിയായ കെ. വിദ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ബഞ്ചിലാണ് ഹര്‍ജി ചൊവ്വാഴ്ച പരിഗണനക്ക് എത്തിയത്.
പിന്നാലെ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ കേസിലും മുന്‍കൂര്‍ ജാമ്യം തേടി. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ചയാണ് വിദ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നല്‍കണമെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ആരേയും കബളിപ്പിച്ചിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. കരിന്തളം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യ കരിന്തളം കോളജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളജിന്റെ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്. ഈ മാസം 24 ന് ജാമ്യ ഹര്‍ജി കോടതി പരിഗണിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.