ഇംഫാല്‍: മണിപ്പൂരില്‍ നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജൂണ്‍ 24 ന് സര്‍വകക്ഷി യോഗം വിളിച്ചു. ഉച്ചക്ക് ശേഷം മൂന്നിന് ഡല്‍ഹിയിലാണ് യോഗം. വടക്കു കിഴക്കന്‍ സംസ്ഥാനത്ത് സംഘര്‍ഷമുണ്ടായതിന് ശേഷമുള്ള ആദ്യ സര്‍വകക്ഷി യോഗമാണ് നടക്കുവാന്‍ പേകുന്നത്. ഇപ്പോഴത്തെ സ്ഥിതി ഗതികള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ സമാധാനം പുനസ്ഥാപിച്ച് ജനങ്ങള്‍ക്ക് സാധാരണ ജീവിതം ജീവിക്കാന്‍ അവസരം ഒരുക്കുന്നതിനും ശ്രമിക്കും.
കഴിഞ്ഞ ദിവസം മണിപ്പൂരില്‍ നിന്നുള്ള ഒന്‍പത് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നിയമസഭാംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയിരുന്നു. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ആരോപിച്ചായിരുന്നു കത്ത്.
നിയമ വാഴ്ചകള്‍ പാലിച്ചു കൊണ്ട് ശരിയായ ഭരണത്തിനും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുമുള്ള ചില പ്രത്യേക നടപടികള്‍ ആവശ്യമാണെന്നും അതിലൂടെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാമെന്നും മെമ്മോറാണ്ടത്തില്‍ പറഞ്ഞു.
മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ സംഘടിതവും ആസൂത്രിതമായി അക്രമണം നടക്കുന്നു. നിരവധി ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് നേരെയും ആക്രമണം നടത്തിയവര്‍ വൈദികരെയും സന്യസ്തരെയും ഉപദ്രവിച്ചു. നൂറു കണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേര്‍ക്കാണ് അക്രമങ്ങളില്‍ പരിക്കേറ്റത്. ഇപ്പോഴും വലിയൊരു വിഭാഗം ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുകയാണ്.
എന്നാല്‍, സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനായി സമിതി രൂപീകരിച്ചു. 51 അംഗ സമാധാന സമിതിയില്‍ 25 പേര്‍ മെയ്‌തേയി വിഭാഗത്തില്‍ നിന്നുള്ളവരാണ്. കുക്കി വിഭാഗത്തില്‍ നിന്നും 11 പേരെയും നാഗ വിഭാഗത്തില്‍ നിന്ന് 10 പേരെയുമാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്.
മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങിനെ പിന്തുണയ്ക്കുന്നവരാണ് മെയ്‌തേയി വിഭാഗത്തില്‍ നിന്നും സമിതിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇഷ്ടക്കാരെ കുത്തിനിറച്ചെന്നായിരുന്നു കുക്കി വിഭാഗം സമാധാന സമിതി രൂപീകരണത്തിന് ശേഷം പ്രതികരിച്ചത്.
സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ മെയ് മൂന്നു മുതല്‍ ഇന്റര്‍നെറ്റ് ലഭ്യത സംസ്ഥാനത്ത് ഇല്ലാതാക്കിയിരുന്നു. എന്നാല്‍, ചില നിയുക്ത സ്ഥലങ്ങളില്‍ പരിമിതമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കണമെന്ന് മണിപ്പൂര്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് പ്രയാസം നേരിടുന്നെന്ന് കോടതി വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്.
എന്നാല്‍, വിവധ സേവന ദാതാക്കളോട് സാമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പരിമിതമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിന്റെ സാധ്യത സംബന്ധിച്ച് ഒരു ഹ്രസ്വ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ഇടക്കാല ഉത്തരവിനൊപ്പം നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദ വാദത്തിന് നാളെ ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
സംവരണം നല്‍ക്കുന്നത് സംബന്ധിച്ച് മെയ്‌തേയി, കുക്കി എന്നീ രണ്ടു വിഭാഗങ്ങള്‍ക്കിടയിലെ തര്‍ക്കമാണ് മണിപ്പൂരിനെ അശാന്തിയിലേക്ക് നയിച്ചതും ഒരു മാസത്തില്‍ കൂടുതലായി ഉള്ള അക്രമങ്ങള്‍ക്ക് കാരണമാക്കിയതും. തുടരെ തുടരെ ഉണ്ടാകുന്ന അക്രമങ്ങള്‍ സമാധാന ശ്രമങ്ങളെ തകര്‍ക്കുമെന്ന ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങള്‍. മണിപ്പൂര്‍ അക്രമവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണവും നടക്കുന്നു. ഏകദേശം 33 വംശീയ ഗോത്രങ്ങളുള്ള സംസ്ഥാനമാണ് മണിപ്പൂര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.