മായാവതിക്ക് മനസിടര്‍ച്ച; ചൗധരിക്ക് ചാഞ്ചാട്ടം: ഇരുവരും പട്‌നയിലെ പ്രതിപക്ഷ യോഗത്തിനില്ല

മായാവതിക്ക് മനസിടര്‍ച്ച; ചൗധരിക്ക് ചാഞ്ചാട്ടം: ഇരുവരും  പട്‌നയിലെ  പ്രതിപക്ഷ യോഗത്തിനില്ല

ന്യൂഡല്‍ഹി: ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ വെള്ളിയാഴ്ച നടക്കുന്ന വിശാല പ്രതിപക്ഷ യോഗത്തില്‍ മായാവതിയും രാഷ്ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) നേതാവ് ജയന്ത് ചൗധരിയും പങ്കെടുക്കില്ല. പ്രതിപക്ഷ യോഗത്തെ വിമര്‍ശിച്ച് മായാവതി ട്വീറ്റ് ചെയ്തപ്പോള്‍ കുടുംബപരമായ തിരക്കുള്ളതിനാല്‍ പങ്കെടുക്കാനാകില്ലെന്നാണ് ചൗധരി പ്രതിപക്ഷ നേതാക്കളെ അറിയിച്ചത്.

ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ മുന്‍കൈയെടുത്ത് വിളിച്ച യോഗത്തില്‍ മനസുകള്‍ ചേരില്ലെന്നും കൈകള്‍ കോര്‍ക്കുക മാത്രമാണ് നടക്കുകയെന്നും മായാവതി വിമര്‍ശിച്ചു. ദാരിദ്ര്യവും തൊഴിലില്ലായ്മയും പണപ്പെരുപ്പവുമടക്കം ഒട്ടേറെ പ്രശ്നങ്ങള്‍ രാജ്യം നേരിടുന്നുണ്ട്. കോണ്‍ഗ്രസിനോ ബിജെപിക്കോ ഇതില്‍ പരിഹാരം കാണാന്‍ സാധിക്കില്ലെന്ന് വ്യക്തമാണെന്നും മായാവതി പറഞ്ഞു.

ഇത്തരം യോഗങ്ങള്‍ക്ക് മുമ്പ് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ ഈ പാര്‍ട്ടികള്‍ക്ക് സാധിക്കണമായിരുന്നു. വ്യാജമായ പുകഴ്ത്തലുകളും ഒളിയജണ്ടകളുമാണ് ഇവര്‍ക്കുള്ളതെന്നും മായാവതി കുറ്റപ്പെടുത്തി.

കുടുംബത്തില്‍ ഒരു പരിപാടിയുള്ളതിനാലാണ് ബിഹാറിലെ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്ന് ജയന്ത് ചൗധരി പറഞ്ഞു. നിതീഷ് കുമാറിന് തന്റെ അസൗകര്യം അറിയിച്ച് കത്തയച്ചതായും കുടുംബത്തിലെ പരിപാടി നേരത്തെ തീരുമാനിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മായാവതിയെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ജെഡിയു നേതാക്കല്‍ പറഞ്ഞു.

നവീന്‍ പട്നായികിന്റെ ബിജെഡി, മായാവതിയുടെ ബിഎസ്പി, ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് എന്നീ മൂന്ന് പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല എന്നാണ് സംഘാടകര്‍ പറയുന്നത്. ബിജെപിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുന്ന പാര്‍ട്ടികളാണ് മൂന്നും. പലപ്പോഴും ബിജെപിയെ പിന്തുണച്ചവരുമാണ്. നിരവധി നേതാക്കളെ നിതീഷ് കുമാര്‍ ക്ഷണിച്ചുവെങ്കിലും അക്കൂട്ടത്തില്‍ മായാവതിയില്ലെന്ന് ജെഡിയു വൃത്തങ്ങള്‍ പറഞ്ഞു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സംഘടിക്കുന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, എസ്പി, ഡിഎംകെ, ഇടതുപാര്‍ട്ടികള്‍ തുടങ്ങി 20 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗത്തിന് എത്തുമെന്നാണ് കരുതുന്നത്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 545ല്‍ 303 സീറ്റ് നേടിയാണ് ബിജെപി മികച്ച വിജയം കൈവരിച്ചത്. ഇനിയും ബിജെപി അധികാരത്തിലെത്തിയാല്‍ ജനാധിപത്യം പൂര്‍ണമായി ഇല്ലാതാകുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ 400 ലധികം സീറ്റുകളില്‍ പ്രതിപക്ഷ സഖ്യത്തിന് ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തണം എന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.