കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം 10 ലക്ഷം മാത്രം; തുക മുഴുവന്‍ നല്‍കാതെ എയര്‍ ഇന്ത്യ

കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം 10 ലക്ഷം മാത്രം; തുക മുഴുവന്‍ നല്‍കാതെ എയര്‍ ഇന്ത്യ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം പൂര്‍ണമായി നല്‍കാതെ വിമാന ക്കമ്പനി. ആദ്യഘട്ടത്തില്‍ 10 ലക്ഷം രൂപ മാത്രമാണ് ദുരന്തബാധിതര്‍ക്ക് എയര്‍ഇന്ത്യ നല്‍കിയത്. ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടത്. പൈലറ്റും സഹ പൈലറ്റുമടക്കം 18 പേര്‍ മരിച്ചു. 172 പേര്‍ക്ക് പരിക്കേറ്റു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇടക്കാല സഹായം മാത്രമാണ് എയര്‍ ഇന്ത്യ അധികൃതര്‍ ഇതുവരെ നല്‍കിയത്. പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചികിത്സാ ചെലവും നല്‍കി.

എയര്‍ ഇന്ത്യക്ക് ഇന്‍ഷുറന്‍സ് തുക മുഴുവനായി കിട്ടിയിട്ടും പിന്നീട് നല്‍കേണ്ട നഷ്ടപരിഹാരം അപകടത്തിന് ഇരയായവര്‍ക്ക് നല്‍കിയില്ലെന്നാണ് പരാതി. നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നല്‍കാന്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച ഷറഫുദ്ദീന്റെ കുടുംബമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 1999 ലെ ക്യാരേജ് ബൈ എയര്‍ക്രാഫ്റ്റ് ആക്ടിലെ റൂള്‍ 17, 20 എന്നിവ പ്രകാരം അന്താരാഷ്ട്ര വിമാന അപകടത്തില്‍പെടുന്ന ഓരോ യാത്രക്കാര്‍ക്കും 1,20,03,840 രൂപ നല്‍കണമെന്നാണ് ചട്ടം. ഈ തുക നല്‍കാതെ, കമ്പനി നിശ്ചയിച്ച തുക മാത്രമേ നല്‍കൂ എന്നാണ് എയര്‍ ഇന്ത്യയുടെ നിലപാട്.

ഇത് ചൂണ്ടിക്കാട്ടി കമ്പനി പലര്‍ക്കുമയച്ച നോട്ടീസ് പ്രകാരം അപകടത്തില്‍പ്പെട്ടവര്‍ക്ക് നല്‍കുന്നത് തുച്ഛമായ തുക മാത്രമാണ്. അപകടത്തെ തുടര്‍ന്ന് പലരുടേയും ജീവിതം കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് അര്‍ഹമായ നഷ്ടപരിഹാരം പോലും നല്‍കാതെയുള്ള വിമാനക്കമ്പനിയുടെ കള്ളക്കളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.