ഫാത്തിമയില്‍ മാതാവിന്റെ ദര്‍ശനം ലഭിച്ച സിസ്റ്റര്‍ ലൂസിയ ധന്യ പദവിയില്‍

ഫാത്തിമയില്‍ മാതാവിന്റെ  ദര്‍ശനം ലഭിച്ച സിസ്റ്റര്‍ ലൂസിയ ധന്യ പദവിയില്‍

വത്തിക്കാന്‍ സിറ്റി: ഫാത്തിമയില്‍ പരിശുദ്ധ കന്യകാ മാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്ന് പേരില്‍ ഒരാളായ സിസ്റ്റര്‍ ലൂസിയ ധന്യ പദവിയില്‍. ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ച ഡിക്രിയില്‍ സിസ്റ്റര്‍ ലൂസിയയുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചാണ് ധന്യ പദവിയിലേക്ക് ഉയര്‍ത്തിയത്.

ഫാത്തിമയില്‍ മാതാവിന്റെ ദര്‍ശനം ലഭിച്ച ജെസീന്തയെയും ഫ്രാന്‍സിസ്‌കോ മാര്‍ട്ടോയെയും 2017 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു. 1917 ലെ മരിയന്‍ പ്രത്യക്ഷീകരണ സമയത്ത് 10 വയസുണ്ടായിരുന്ന ലൂസിയ 2005 ല്‍ 97-ാം വയസിലാണ് മരിച്ചത്.

സിസ്റ്റര്‍ ലൂസിയക്കൊപ്പം മാതാവിന്റെ പ്രത്യക്ഷീകരണത്തിന് സാക്ഷ്യം വഹിച്ച ഫ്രാന്‍സിസ്‌ക്കോ ഒമ്പതാം വയസിലും ജെസീന്ത മാര്‍ട്ടോ പതിനൊന്നാം വയസിലും ന്യുമോണിയ ബാധിച്ചു മരണമടഞ്ഞിരുന്നു.


സിസ്റ്റര്‍ ലൂസിയ എഴുതിയ 11,000 ത്തോളം കത്തുകളില്‍ നിന്നും അറുപത്തിയൊന്ന് സാക്ഷ്യങ്ങളില്‍ നിന്നുമായിട്ടാണ് നാമകരണത്തെ സംബന്ധിച്ച തെളിവുകള്‍ സമാഹരിച്ചിട്ടുള്ളതെന്ന് ലൂസിയ അവസാനകാലത്ത് താമസിച്ച കോണ്‍വെന്റ് ഉള്‍പ്പെടുന്ന കൊയിംബ്രായിലെ കത്തോലിക്ക മെത്രാനായ വിര്‍ജിലിയോ അന്‍ന്റൂണ്‍സ് പറഞ്ഞിരുന്നു.

കത്തോലിക്ക സഭ അംഗീകരിച്ചിട്ടുള്ള മാതാവിന്റെ പ്രത്യക്ഷീകരണങ്ങളില്‍ ഫാത്തിമയിലെ പ്രത്യക്ഷീകരണങ്ങളും ഉള്‍പ്പെടുന്നു. 1917 ഒക്ടോബര്‍ 13 നാണ് മാതാവ് ഫാത്തിമയില്‍ അവസാനമായി ലൂസിയ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് ദര്‍ശനം നല്‍കിയത്. അന്ന് സൂര്യന്‍ അഗ്‌നിവൃത്തം കണക്കെ നൃത്തം ചെയ്തുവെന്നാണ് ചരിത്രപരമായി രേഖപ്പെടുത്തിയിട്ടുള്ളത്.

ഓഗസ്റ്റില്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടക്കുന്ന ലോക യുവജന സംഗമത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ഷിക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26