ഛിന്നഗ്രഹത്തിന് മലയാളിയുടെ പേര്; അശ്വിന്‍ ശേഖര്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞന്‍

ഛിന്നഗ്രഹത്തിന് മലയാളിയുടെ പേര്; അശ്വിന്‍ ശേഖര്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞന്‍

പാലക്കാട്: സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒന്നിന് മലയാളി ജ്യോതിശാസ്ത്രജ്ഞന്റെ പേര് നല്‍കി. പാലക്കാട് സ്വദേശിയായ ഡോ. അശ്വിന്‍ ശേഖറിന്റെ പേരാണ് അന്താരാഷ്ട്ര അസ്ട്രോണമിക്കല്‍ യൂണിയന്‍ (ഐഎയു) ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്നത്. യുഎസില്‍ അരിസോണയിലെ ഫ്‌ളാഗ്സ്റ്റാഫില്‍ പ്രവര്‍ത്തിക്കുന്ന ലോവല്‍ ഒബ്സര്‍വേറ്ററി ആദ്യം നിരീക്ഷിച്ച '2000എല്‍ജെ27' എന്ന ഛിന്നഗ്രഹത്തിനാണ് അശ്വിന്റെ പേര് നല്‍കിയിരിക്കുന്നത്.
ജൂണ്‍ 21 ന് യുഎസിലെ അരിസോണയില്‍ നടന്ന ആസ്റ്ററോയിഡ് കോമറ്റ്‌സ് മെറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ വെച്ചാണ് ഛിന്നഗ്രഹത്തിന്റെ നാമകരണ പ്രഖ്യാപനം ഐഎയു നടത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞന്‍ എന്നാണ് അസ്ട്രോണമിക്കല്‍ യൂണിയന്‍ അശ്വിനെ പരിചയപ്പെടുത്തിയത്.

ഇന്ത്യയില്‍ നിന്ന് ശ്രീനിവാസ രാമാനുജന്‍, സിവി രാമന്‍, സുബ്രഹ്മണ്യ ചന്ദ്രശേഖര്‍, വിക്രം സാരാഭായി എന്നീ ശാസ്ത്രജ്ഞരുടെ പേരിലും ഛിന്നഗ്രഹങ്ങള്‍ നാമകരണം ചെയ്തിട്ടുണ്ട്. 2014 ല്‍ ബ്രിട്ടനിലെ ബെല്‍ഫാസ്റ്റില്‍ ക്വീന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭൗതിക ശാസ്ത്രത്തില്‍ പിഎച്ച്ഡി എടുത്ത പാലക്കാട് ചേര്‍പ്പുളശേരി സ്വദേശിയായ അശ്വിന്‍, നോര്‍വെയില്‍ ഓസ്ലോ യൂണിവേഴ്സിറ്റിയില്‍ നിന്ന് 'സെലസ്റ്റിയല്‍ മെക്കാനിക്സി'ല്‍ പോസ്റ്റ് ഡോക്ടറല്‍ പഠനം 2018 ല്‍ പൂര്‍ത്തിയാക്കി.

നിലവില്‍ ലണ്ടന്‍ റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഫെലോയാണ്. കൂടാതെ ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയനില്‍ (ഐഎയു) പൂര്‍ണ

വോട്ടവകാശമുള്ള അംഗവും. അമേരിക്കന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി, ഇന്ത്യന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി എന്നിവയിലും അംഗത്വമുണ്ട്. അമേരിക്കന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയും അമേരിക്കന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിസിക്സും ചേര്‍ന്ന് നല്‍കുന്ന പ്രസിദ്ധമായ 'ദാന്നി ഹൈനമാന്‍ പ്രൈസ്' നിശ്ചയിക്കുന്ന ആറംഗ ജൂറിയില്‍ അംഗമാണ് അശ്വിന്‍.

ബഹറൈനില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ചുമതലക്കാരായ ശേഖര്‍ സേതുമാധവന്റെയും അനിത ശേഖറിന്റെയും മകനാണ് അശ്വിന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.