ന്യൂഡല്‍ഹി: തമിഴ്നാട് വനത്തിലുള്ള അരിക്കൊമ്പന് മേല്‍ ഇനിയും മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അരിക്കൊമ്പന് ചികിത്സയും മരുന്നും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്.
ഒന്നിലധികം തവണ മയക്കുവെടിയേറ്റ ആനയുടെ ആരോഗ്യസ്ഥിതി മോശമാണ്. ആനയുടെ ശരീരത്തിന്റെ നിരവധി ഭാഗങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പന്‍ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയാണ്. ആ സാഹചര്യത്തില്‍ അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്ക്കരുതെന്ന് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകന്‍ ദീപക് പ്രകാശ് മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
അരിക്കൊമ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നും നിലവിലെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരുകളോട് തേടണമെന്നും ഹര്‍ജിയില്‍ പറയുന്നു. ആനത്താരകളേക്കുറിച്ചും ആനകള്‍ കഴിയുന്ന പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചും പഠിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.