'പരമോന്നത ത്യാഗമൊന്നും ചെയ്തിട്ടില്ല': യുപിയിലും പാഠപുസ്തകത്തിൽ നിന്ന് നെഹ്രു പുറത്ത്; സവർക്കറും ദീൻദയാലും അകത്ത്

'പരമോന്നത ത്യാഗമൊന്നും ചെയ്തിട്ടില്ല': യുപിയിലും പാഠപുസ്തകത്തിൽ നിന്ന് നെഹ്രു പുറത്ത്; സവർക്കറും ദീൻദയാലും അകത്ത്

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതി പുതുക്കിയപ്പോൾ മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു പുറത്ത്. ഹിന്ദുത്വ സൈദ്ധാന്തികൻ വി.ഡി. സവർക്കർ, ജനസംഘം നേതാവായിരുന്ന ദീൻദയാൽ ഉപാധ്യായ എന്നിവരുടെ ജീവചരിത്രങ്ങൾ പാഠപുസ്തകങ്ങളിൽ ഇടംപിടിച്ചു. നെഹ്രു രാജ്യത്തിനായി പരമോന്നത ത്യാഗമൊന്നും ചെയ്തിട്ടില്ലെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി ഗിരിജാദേവി പ്രതികരിച്ചു.

രാജ്യത്തെ 50 മഹാൻമാരുടെ ജീവചരിത്രങ്ങൾ പാഠഭാഗങ്ങളാക്കിയപ്പോഴാണിത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് പട്ടിക തയാറാക്കിയതെന്നും രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരം വിദ്യാർഥികളെ പരിചയപ്പെടുത്തുകയാണ് പരിഷ്കരണത്തിന്റെ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.

യുപി സെക്കൻഡറി എജ്യുക്കേഷൻ ബോർഡിന് കീഴിലുള്ള 27,000 ത്തിലധികം സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ ഒമ്പത് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായാണ് പുതുക്കിയ പാഠ്യപദ്ധതി നടപ്പാക്കുന്നത്. ജൂലൈ മുതൽ മാറ്റം വന്ന പാഠഭാഗമാകും പഠിപ്പിക്കുക. 

ഈ വിഷയങ്ങൾ എല്ലാ വിദ്യാർഥികൾക്കും നിർബന്ധമാണെങ്കിലും പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികളുടെ മാർക്ക്‌ ലിസ്റ്റിൽ ഇവയിലെ മാർക്ക് ഉൾപ്പെടുത്തില്ല.

മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദൻ, സ്വാമി ദയാനന്ദസരസ്വതി, സി.വി. രാമൻ, എ.പി.ജെ. അബ്ദുൽകലാം, ശ്രീരാമകൃഷ്ണ പരമഹംസർ, രവീന്ദ്രനാഥ ടാഗോർ, ലാൽ ബഹാദൂർ ശാസ്ത്രി, വിനോബഭാവെ, ശ്രീനിവാസ രാമാനുജൻ തുടങ്ങിയവരെക്കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.