അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപി വന്‍ ഒരുക്കത്തില്‍: 2700 പേരെ കളത്തിലിറക്കും; എല്ലാവരേയും ഭോപ്പാലിലേക്ക് വിളിപ്പിച്ചു

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപി വന്‍ ഒരുക്കത്തില്‍: 2700 പേരെ കളത്തിലിറക്കും; എല്ലാവരേയും ഭോപ്പാലിലേക്ക് വിളിപ്പിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ കര്‍ണാടകയിലുണ്ടായ ദയനീയ പരാജയത്തിന്റെ ആഘാതം മറികടക്കാന്‍ വന്‍ ഒരുക്കങ്ങളുമായി ബിജെപി.

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ പാര്‍ട്ടി കരുനീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി മികച്ച ബൂത്ത്തല പ്രവര്‍ത്തകരെ ഭോപ്പാലിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.

രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളിലെയും മികച്ച ബൂത്ത്തല പ്രവര്‍ത്തകരെ പാര്‍ട്ടി നേരത്തെ കണ്ടെത്തിയിരുന്നു. ഇവരുടെ സേവനം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ എന്നിവര്‍ 2700 ബൂത്ത് തല പ്രവര്‍ത്തകരുമായി സംസാരിക്കും. ചൊവ്വാഴ്ചയാണ് മോഡി ഇവരെ അഭിസംബോധന ചെയ്യുക. മോഡിയുടെ പ്രസംഗം ഓണ്‍ലൈന്‍ വഴി രാജ്യത്തെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും കാണാന്‍ സൗകര്യമൊരുക്കും. തിരഞ്ഞെടുത്ത അഞ്ച് ബൂത്ത്തല പ്രവര്‍ത്തകരുമായി മോഡി പ്രത്യേകം സംസാരിക്കും.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് നിമയസഭാ തിരഞ്ഞെടുപ്പ് വരുന്നത്. ഇതിന് പിന്നാലെയാണ് അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സെമി ഫൈനല്‍ ആയിട്ടാണ് അഞ്ച് നിമയസഭാ തിരഞ്ഞെടുപ്പുകളെയും ബിജെപി കാണുന്നത്.

മധ്യപ്രദേശില്‍ ഭരണം പിടിക്കാന്‍ സാധിക്കുന്നവര്‍ക്ക് രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരിക്കാമെന്ന നിഗമനം ഏറെ കാലമായി രാഷ്ട്രീയ നേതാക്കള്‍ക്കിടയിലുള്ളതാണ്. മധ്യപ്രദേശില്‍ ജയിക്കുന്നവര്‍ തന്നെയാണ് മറ്റു രണ്ടു സംസ്ഥാനങ്ങളിലും ജയിക്കാറ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നിടത്തും കോണ്‍ഗ്രസാണ് ജയിച്ചത്. എന്നാല്‍ മധ്യപ്രദേശില്‍ പിന്നീട് അട്ടിമറി നടന്നു.

നിമയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ 83 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ഇവിടെ നിന്നുള്ള 400 ബൂത്ത്തല പ്രവര്‍ത്തകര്‍ ഭോപ്പാലിലെ പരിപാടിയില്‍ സംബന്ധിക്കും. ബാക്കി മണ്ഡലങ്ങളില്‍ നിന്നുള്ളവരാണ് 2300 ബൂത്ത്തല ചുമതലക്കാര്‍. എല്ലാവര്‍ക്കും അഞ്ച് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കും. ജെ.പി നഡ്ഡ ഇവര്‍ക്കുള്ള ജോലിയും ചുമതലയും നിര്‍ദേശിക്കും.

രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണ് മല്‍സരം. അതേസമയം തെലങ്കാനയിലും മിസോറാമിലും പ്രാദേശിക കക്ഷികള്‍ക്കാണ് മേല്‍ക്കൈ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.