ന്യൂഡല്‍ഹി: അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒരുമിച്ചു മത്സരിക്കാനൊരുങ്ങുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് 'പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയന്‍സ് (പിഡിഎ) എന്ന് പേരിട്ടേക്കുമെന്ന് സൂചന. ജൂലൈയില്‍ ഷിംലയില്‍ നടക്കുന്ന രണ്ടാമത്തെ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനുണ്ടായേക്കും.
പട്നയില്‍ ശനിയാഴ്ച പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയാണ് പേര് സംബന്ധിച്ച സൂചന നല്‍കിയത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തെ പരാജയപ്പെടുത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും രാജ പറഞ്ഞു.
മതനിരപേക്ഷവും ജനാധിപത്യപരവുമായ ആശയങ്ങളില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളാണ് സഖ്യത്തിന്റെ ഭാഗമാകുന്നത്. പുതിയ മുന്നണിയുടെ പേരില്‍ ഇത്തരം ആശയങ്ങളുടെ പ്രതിഫലനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളെ പ്രതിപക്ഷം എന്ന് വിളിക്കുന്നതിന് പകരം രാജ്യസ്‌നേഹികളെന്ന് വിശേഷിപ്പിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.
ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കുകയെന്ന ലക്ഷ്യത്തോടെ 15 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വെള്ളിയാഴ്ചയായിരുന്നു പട്‌നയില്‍ ചേര്‍ന്നത്. യോഗത്തിന്റെ സംഘാടകനായ ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ മുന്നോട്ടുവെച്ച 'ഒന്നിനെ നേരിടാന്‍ ഒന്നിച്ച്' എന്ന മുദ്രാവാക്യത്തിലൂന്നിയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ചര്‍ച്ചകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.