ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡി നീക്കം

ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡി  നീക്കം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ആണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാന്‍ ഇഡി നടപടി ആരംഭിച്ചത്. 14 കോടിയിലധികം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

 ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും ലോക്കറില്‍ നിന്നു കിട്ടിയ പണവും സ്വര്‍ണവും ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നിലെയാണ് കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ പേരിലുള്ള സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടാന്‍ ഇഡി നീക്കം നടത്തുന്നത്. കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തല്ലെന്ന് തെളിയിച്ചാല്‍ ഇവ പിന്നീട് തിരിച്ചു നല്‍കും. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനില്‍ ശിവശങ്കറിന് ലഭിച്ച അഴിമതിപണമാണെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം. ശിവശങ്കറിനെതിരെ എടുത്ത കേസില്‍ ഇഡിയുടെ ഭാഗിക കുറ്റപത്രം 24നു കോടതിയില്‍ സമര്‍പ്പിക്കും. സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാനുള്ള നടപടിയുടെ ഭാഗമായാണിത് . പിഎംഎല്‍എ സെക്‌ഷന്‍ 45 പ്രകാരം സ്വാഭാവിക ജാമ്യം ലഭിക്കില്ലെന്നു വ്യവസ്ഥയുണ്ടെങ്കിലും ചില ഹൈക്കോടതികള്‍ ഇക്കാര്യത്തില്‍ നിയമപരമായ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാലാണു ഭാഗിക കുറ്റപത്രം നല്‍കി ശിവശങ്കറിന്റെ ജാമ്യനീക്കം തടയാന്‍ ഇഡി ശ്രമിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.