തിരുവനന്തപുരം: മണിപ്പൂരില്‍ നടക്കുന്നത് ക്രൈസ്തവരെ തിരഞ്ഞ് പിടിച്ചുള്ള അക്രമങ്ങളാണെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. മണിപ്പൂര്‍ കലാപത്തിനെതിരെ കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.
ആഴ്ചകളായി മണിപ്പൂരില്‍ തുടരുന്ന അക്രമ സംഭവങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ ഗൂഡ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തു നടത്തുന്നതാണ്. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. 50,000 ത്തില്‍ അധികം ജനങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ടി വന്നു.
രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ ദുരന്തമനുഭവിക്കുമ്പോള്‍ ഇവിടത്തെ ഭരണാധികാരികള്‍ ഇത്തരത്തിലൊരു സംഭവം നടന്നതായി പോലും അറിയാത്ത സമീപനമാണ സ്വീകരിക്കുന്നത്. മണിപ്പൂരിലെ ജനതയുടെ വേദനയിലും ദുഖങ്ങളിലും പങ്കുചേരുന്നതിന്റെ പ്രതീകമായാണ് ധര്‍ണ സംഘടിപ്പിച്ചത്. കലാപകാരികള്‍ക്ക് മാനസാന്തരമുണ്ടാകാനും മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കപ്പെടാനും ഏവരും പ്രാര്‍ത്ഥിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ അഭ്യര്‍ഥിച്ചു.
മണിപ്പൂരില്‍ എന്തുകൊണ്ട് ക്രൈസ്തവര്‍ മാത്രം അക്രമിക്കപ്പെടുന്നുവെന്നുള്ളത് ഉത്തരം കിട്ടാത്ത ചോദ്യമാണെന്നു ഐക്യദാര്‍ഢ്യ ഉപവാസത്തില്‍ പ്രസംഗിച്ച തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍. കൃസ്തുദാസ് പറഞ്ഞു. മതപരമായല്ല, മനുഷ്യത്വപരമായി ചിന്തിച്ചാല്‍ എല്ലാവരെയും വിഷമിപ്പിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്‍കി. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേര, കെസിബിസി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് പാലക്കപ്പിള്ളി, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, സെക്രട്ടറി പി.ജെ. തോമസ്, കൊല്ലം രൂപതാ വികാരി ജനറാള്‍ മോണ്‍. വിന്‍സന്റ് മച്ചാഡോ, മോണ്‍.സി. ജോസഫ്, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി, വൈഎംസിഎ പ്രസിഡന്റ് ജോര്‍ജ് ഉമ്മന്‍, ഷെവലിയര്‍ ഡോ. കോശി എം. ജോര്‍ജ്, മോണ്‍. ജെയിംസ് കുലാസ്, റവ.ഡോ.ലോറന്‍സ് കുലാസ്, ഫാ. മൈക്കിള്‍ തോമസ്, ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍, കെസിബിസി വനിതാ കമ്മീഷന്‍ സെക്രട്ടറി ജെയിന്‍ ആന്‍സില്‍, കെഎല്‍സിഡബ്ള്യുഎ ജനറല്‍ സെക്രട്ടറി മെറ്റില്‍ഡ മൈക്കിള്‍, കെസിവൈഎം ലാറ്റിന്‍ ജനറല്‍ സെക്രട്ടറി ജോസ് വര്‍ക്കി, യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെന്റ് പ്രസിഡന്റ് പി.പി. വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഓസ്‌കര്‍ ലോപ്പസ്, സാല്‍വേഷന്‍ ആര്‍മി കേണല്‍ പി.എം ജോസഫ്, കെഎല്‍സിഎ തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കിള്‍, ആന്റണി ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26