ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പിന്തുണച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഭീഷണിയുടെയും പക പോക്കലിന്റെയും പ്രതികാര രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കെ. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും കൈ ചേര്‍ത്ത് പിടിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. കേരളത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും ഒപ്പമുണ്ടായിരുന്നു.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളായ കെ.സുധാകരനും വി.ഡി സതീശനുമെതിരെ കേസെടുത്ത സംഭവത്തില്‍ ഇരുവര്‍ക്കുമൊപ്പം നില്‍ക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കേരളത്തില്‍ നേതൃമാറ്റം ആലോചനയില്ലെന്ന് താരിഖ് അന്‍വര്‍ വ്യക്തമാക്കി.
കേസുകളെ സംബന്ധിച്ച് വിശദമാക്കുന്നതിനായി കെ.സുധാകരനും വി.ഡി സതീശനും ഇന്ന് ഡല്‍ഹിയിലെത്തി മല്ലികാര്‍ജുന ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കണ്ടിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശദീകരിച്ചു. പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സംഭവം അടക്കം കെ.സുധാകരന്‍ രാഹുലിനെ ധരിപ്പിച്ചു.
രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ചതിനൊപ്പം സംഘടനാ തിരഞ്ഞെടുപ്പും ഗ്രൂപ്പ് തര്‍ക്കവും രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം.യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സതീശനും സുധാകരനും രാഹുലിനോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്.
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഗ്രൂപ്പ് പ്രവര്‍ത്തനം സംഘടനയുടെ ഐക്യം തകര്‍ക്കുന്ന തരത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കെപിസിസി അധ്യക്ഷന്‍ അറസ്റ്റിലായ അസാധാരണ സാഹചര്യമുണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് എവിടെയും പ്രതിഷേധത്തിനിറങ്ങിയില്ലെന്ന അമര്‍ഷവും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.