തെലങ്കാനയില്‍ ബിആര്‍എസിന് തിരിച്ചടി; മുന്‍ മന്ത്രിമാരും മുന്‍ എംഎല്‍എമാരും അടക്കം 35 നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

തെലങ്കാനയില്‍ ബിആര്‍എസിന് തിരിച്ചടി; മുന്‍ മന്ത്രിമാരും മുന്‍ എംഎല്‍എമാരും അടക്കം 35 നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഹൈദരാബാദ്: ഈ വര്‍ഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിന് കനത്ത തിരിച്ചടി നല്‍കി നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മന്ത്രിമാരും മുന്‍ എംഎല്‍എമാരും അടക്കം 35 നേതാക്കളാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 

മുന്‍ എംപി പൊങ്കുലേട്ടി ശ്രീനിവാസ് റെഡി, മുന്‍ മന്ത്രി ജുപള്ളി കൃഷ്ണ റാവു, മുന്‍ എംഎല്‍എമാരായ പന്യം വെങ്കിടേശ്വര്‌ലു, കോരം കനകയ്യ, കോട്ട രാംബാബു, രാകേഷ് റെഡി, ബിആര്‍എസ് എംഎല്‍സി നര്‍സ റെഡിയുടെ മകന്‍ തുടങ്ങിയവരടക്കമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും സാന്നിധ്യത്തില്‍ പാര്‍ട്ടിവിട്ട് വന്നവരെ കോണ്‍ഗ്രസ് അംഗത്വം നല്‍കി സ്വീകരിച്ചു. 

കോണ്‍ഗ്രസിലെത്തിയവരില്‍ പ്രധാനികളായ പൊങ്കുലേട്ടി ശ്രീനിവാസ് റെഡിയും ജുപള്ളി കൃഷ്ണ റാവുവും ജൂലൈ ആദ്യ വാരത്തില്‍ അനുയായികളെ സംഘടിപ്പിച്ച് ശക്തിപ്രകടനം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഈ സമ്മേളനങ്ങളില്‍ പങ്കെടുക്കും. 

മാസങ്ങള്‍ക്ക് മുമ്പ് ബിആര്‍എസുമായി അകന്ന ഇരുവരേയും തങ്ങളുടെ ക്യാമ്പിലെത്തിക്കാന്‍ ബിജെപിയും ശ്രമം നടത്തിയിരുന്നു. എന്നാല്‍ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് തെലങ്കാനയില്‍ പ്രതീക്ഷയര്‍പ്പിച്ച് നടത്തിവരുന്ന ഇടപെടലുകലാണ് ശ്രീനിവാസ് റെഡിയേയും മുന്‍ മന്ത്രി ജുപള്ളി കൃഷ്ണ റാവുവിനേയും പാര്‍ട്ടിയിലേക്കെത്തിക്കാന്‍ സാധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.