കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടും; ചട്ടം കർശനമാക്കി സർക്കാർ

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടും; ചട്ടം കർശനമാക്കി സർക്കാർ

തിരുവനന്തപുരം: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കോടതി ശിക്ഷിച്ചാലുടൻ പിരിച്ചുവിടുന്ന ചട്ടം കർശനമാക്കാൻ സർക്കാർ. ഇത്തരക്കാർക്കെതിരെ വകുപ്പുതല ശിക്ഷ ഉറപ്പാക്കണമെന്ന് ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി ഡോ. വി. വേണു സർക്കുലർ ഇറക്കി.

അഴിമതിക്കാരെ പിരിച്ചുവിടാൻ നിലവിൽ വ്യവസ്ഥയുണ്ടെങ്കിലും വകുപ്പുതല നടപടികളിൽ വീഴ്ച വരുത്തുന്നതിനാൽ പിരിച്ചുവിടൽ ഘട്ടംവരെ എത്താറില്ല. കോടതി നടപടി നീണ്ടുപോവുകയും അഴിമതിക്കാർ സസ്പെൻഷന് ശേഷം തിരിച്ചെത്തി പ്രമോഷൻ അടക്കം നേടി വിരമിക്കുകയും ചെയ്യുന്നതാണ് പതിവ്.

ഇനി മുതൽ അറസ്റ്റ് ചെയ്യപ്പെട്ടാലുടൻ സസ്പെൻഷനും അച്ചടക്കനടപടിയും സ്വീകരിക്കണമെന്നും വകുപ്പുതല ശിക്ഷ ഉറപ്പാക്കണമെന്നുമാണ് സർക്കുലറിലുള്ളത്.

ശിക്ഷിക്കപ്പെടുന്ന പ്രതി വിധിക്കെതിരെ അപ്പീൽ നൽകിയാലും അതു കണക്കിലെടുക്കാതെ സർവീസ് റൂൾ പ്രകാരം പിരിച്ചുവിടാം.
മാത്രമല്ല വകുപ്പുതല നടപടി യഥാസമയം സ്വീകരിച്ചാൽ സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ സ്ഥാനക്കയറ്റം തടയാം. വേണ്ടിവന്നാൽ തരംതാഴ്ത്താം. കോടതി വിധി വരുന്നതുവരെ പെൻഷൻ അടക്കം പിടിച്ചുവയ്ക്കാം. വിധി വന്നാലുടൻ പിരിച്ചുവിടൽ നടപടി ആരംഭിക്കാം.

കോഴയിടപാടിന്റെ വീഡിയോ-ഓഡിയോ, കൈക്കൂലി ആവശ്യപ്പെട്ടതിന്റെ ഫോൺവിളി, പരാതിക്കാരന്റെ മൊഴി എന്നിവ തെളിവാക്കും. കളക്ടർ നിയോഗിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥനെ സാക്ഷിയാക്കിയും കൈക്കൂലിയായി കൈമാറുന്ന നോട്ടിന്റെ സീരിയൽ നമ്പറുകൾ മുൻകൂട്ടി മജിസ്ട്രേറ്റിനെ ബോധ്യപ്പെടുത്തുകയും ചെയ്യും.

കൈക്കൂലിക്ക് പിടിയിലാകുന്ന ഉദ്യോഗസ്ഥരെ മൂന്ന് മാസത്തിനകം വകുപ്പുതല അന്വേഷണം പൂർത്തിയാക്കി പിരിച്ചുവിടണമെന്ന വിജിലൻസ് ശുപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ശക്തമായ ശാസ്ത്രീയ തെളിവുകൾ കോടതിയെ ബോധ്യപ്പെടുത്തി ശിക്ഷിക്കും മുൻപുതന്നെ പിരിച്ചുവിടാൻ നിയമഭേദഗതി കൊണ്ടുവരാനാണ് ആലോചിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.