സംസ്ഥാനത്ത് വീണ്ടും പനി മരണം: പത്തനംതിട്ട സ്വദേശിയുടെ മരണം എച്ച്1 എന്‍1 എന്ന് സംശയം

സംസ്ഥാനത്ത് വീണ്ടും പനി മരണം: പത്തനംതിട്ട സ്വദേശിയുടെ മരണം എച്ച്1 എന്‍1 എന്ന് സംശയം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. പത്തനംതിട്ട പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്‌കുമാര്‍ (56) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് എച്ച്1 എന്‍1 ആയിരുന്നോ എന്ന സംശയം ഉയരുന്നുണ്ട്.

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് കൂടിയ സാഹചര്യമാണ് നിലവിലുള്ളതെന്നും രോഗികളുടെ ബാഹുല്യം, ഡോക്ടര്‍മാരുടെ കുറവ് എന്നിവ ആരോഗ്യ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കെജിഎംഒഎ വ്യക്തമാക്കി.

ഒഴിവുകള്‍ നികത്താന്‍ അടിയന്തര നടപടികള്‍ വേണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. മുന്‍കാലങ്ങളില്‍ പ്രതിസന്ധി മറികടക്കാന്‍ മണ്‍സൂണ്‍ കാലത്ത് അധിക ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ താല്‍ക്കാലികമായി നിയമിച്ചിരുന്നു. ഇതിന് സമാനമായി വര്‍ധിച്ചു വരുന്ന രോഗികളുടെ എണ്ണത്തിന് അനുസൃതമായി ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

സാധാരണയായി പന്നികളിലാണ് എച്ച്1 എന്‍1 കൂടുതലായി കാണുന്നത്. പന്നികളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്. വായുവിലൂടെയാണ് രോഗാണുക്കള്‍ പടരുന്നത്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കും അസുഖം പകരും.

രോഗലക്ഷണങ്ങള്‍

സാധാരണ ഒരു വൈറല്‍ പനി പോലെയാണ് ലക്ഷണങ്ങള്‍. ശ്വസിക്കുന്ന വായുവിലൂടെ അകത്തുകടക്കുന്ന വൈറസ് ശ്വസന വ്യവസ്ഥയെയാണ് ബാധിക്കുന്നത്.
1. പനിയും ശരീരവേദനയും
2. തൊണ്ടവേദന, തലവേദന
3. കഫമില്ലാത്ത വരണ്ട ചുമ
4. ക്ഷീണവും വിറയലും
5. ചിലപ്പോള്‍ ഛര്‍ദിയും വയറിളക്കവും

സങ്കീര്‍ണതകള്‍

ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാക്കും.
രോഗം ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങള്‍
ശ്വാസതടസം, ശ്വാസം നിന്നുപോകുക, ശരീരം നീലിക്കുക, ഓര്‍മക്കുറവ്, അപസ്മാരം, സ്വഭാവ വ്യതിയാനങ്ങള്‍
മരുന്നുകള്‍
വൈറസിനെ നശിപ്പിക്കുന്ന ഒസള്‍ട്ടാമിവിര്‍ എന്ന മരുന്നാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. അസുഖം ബാധിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ രോഗ പ്രതിരോധത്തിനും ഈ മരുന്ന് നല്‍കാറുണ്ട്. ചികിത്സയ്ക്കായി അഞ്ച് ദിവസത്തേക്കും പ്രതിരോധത്തിനായി പത്ത് ദിവസത്തേക്കുമാണ് മരുന്ന് നല്‍കുന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക.

പ്രതിരോധം എങ്ങനെ?

വീടുകളില്‍

*രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം വൈദ്യസഹായം തേടണം.
*രോഗലക്ഷണങ്ങള്‍ കുറയുന്നതുവരെ വീടുകളില്‍ ത്തന്നെ തുടരണം. യാത്രകളും മറ്റും ഒഴിവാക്കുക.
*വീട്ടിലുള്ള മറ്റുള്ളവരുമായും പുറത്തുള്ളവരുമായുള്ള സമ്പര്‍ക്കം കഴിവതും കുറയ്ക്കുക.
*കൈകള്‍ വൃത്തിയായി കഴുകുക. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ഓരോ തവണയും കൈകഴുകാന്‍ മറക്കരുത്.
*രോഗബാധിത മേഖലകളിലേക്കുള്ള യാത്രകളും രോഗം ബാധിച്ചവരെ സന്ദര്‍ശിക്കുന്നതും പറ്റുമെങ്കില്‍ ഒഴിവാക്കുക.
*ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും മൂടുക. രോഗാണുക്കള്‍ പകരാതിരിക്കാന്‍ ഇത് സഹായിക്കും.
*രോഗി ഉപയോഗിക്കുന്ന വസ്തുക്കളും തുണികളുംമറ്റും ശരിയായി മറവ് ചെയ്യുക.
*ആരോഗ്യവകുപ്പിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക.
*ഗുരുതരമായ അസുഖത്തിന്റെ ലക്ഷണങ്ങള്‍ രോഗിയില്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുക.
*അപകടസാധ്യത കൂടുതലുള്ള ആളുകള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുക.

സ്‌കൂളുകളില്‍

*രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ടായാല്‍ സ്‌കൂള്‍ അസംബ്ലി അത്യാവശ്യമുള്ളപ്പോള്‍ മാത്രം നടത്തുക.
*കുട്ടികളില്‍ രോഗലക്ഷണങ്ങളുണ്ടോ എന്ന് അധ്യാപകര്‍ ശ്രദ്ധിക്കണം.
*അധ്യാപകര്‍ക്കോ മറ്റുജീവനക്കര്‍ക്കോ അസുഖം വന്നാല്‍ വീട്ടില്‍ത്തന്നെയായിരിക്കാന്‍ ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവര്‍ സ്‌കൂളുകളില്‍ പോകരുത്.
*കുട്ടികള്‍ കൈ വൃത്തിയായി കഴുകുന്നത് ശീലമാക്കണം.
*ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും കവര്‍ ചെയ്യാന്‍ പഠിപ്പിക്കണം.
* ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കണം. കുട്ടികള്‍ക്ക് വായിക്കാന്‍ ചെറിയ ലീഫ് ലെറ്റുകള്‍ കൊടുക്കണം.

ആര്‍ക്കൊക്കെയാണ് പ്രതിരോധമരുന്ന് നല്‍കുന്നത്?

കുടുംബത്തിലോ സ്‌കൂളുകളിലോ സമൂഹത്തിലോവെച്ച് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം ഉണ്ടാകുന്നവര്‍ക്കും രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്കും മാത്രമേ പ്രതിരോധമരുന്ന് നല്‍കുകയുള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.