കൈതോലപ്പായയില്‍ പണം; ശക്തിധരന്റെ ആരോപണം അന്വേഷിക്കണം: ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്

 കൈതോലപ്പായയില്‍ പണം; ശക്തിധരന്റെ ആരോപണം അന്വേഷിക്കണം: ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്

തിരുവനന്തപുരം: കൈതോലപ്പായയില്‍ പൊതിഞ്ഞ് പണം കടത്തിയതുമായി ബന്ധപ്പെട്ട് സിപിഎം ഉന്നത നേതാവിനെതിരെ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. കോണ്‍ഗ്രസ് നേതാവും എംപിയുമായ ബെന്നി ബഹനാന്‍ ആണ് ഇ മെയില്‍ വഴി ഡിജിപിക്ക് പരാതി നല്‍കിയത്.

സിപിഎം ഉന്നത നേതാവ് 2.35 കോടി രൂപ പായയില്‍ പൊതിഞ്ഞ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയെന്ന് ഫെയ്സ് ബുക്കിലൂടെയാണ് ശക്തിധരന്‍ ആരോപണം ഉന്നയിച്ചത്. ശക്തിധരന്റെ ആരോപണം ചര്‍ച്ചയായ പശ്ചാത്തലത്തലത്തിലാണ് അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയത്.

തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ അറിയപ്പെടുന്നയാളാണ് ഉന്നതന്‍ എന്നും ചെത്തുതൊഴിലാളിയുടെ മകന്‍ ഇപ്പോള്‍ കോടീശ്വരനാണെന്നും ആരോപിക്കുന്ന കുറിപ്പാണ് ശക്തിധരന്‍ ഫെയ്സ് ബുക്കില്‍ പങ്കുവെച്ചത്. വന്‍കിടക്കാര്‍ നല്‍കിയ കോടികള്‍ കൊച്ചി കലൂരിലെ ഓഫീസില്‍ വച്ച് എണ്ണാന്‍ താന്‍ നേതാവിനെ സഹായിച്ചതായും ശക്തിധരന്‍ വെളിപ്പെടുത്തി.

കറന്‍സി പൊതിയുന്നതിന് താനും മറ്റൊരു സഹപ്രവര്‍ത്തകനും ചേര്‍ന്നാണ് കൈതോലപ്പായ വാങ്ങിയത്. ഇന്നോവ കാറിന്റെ ഡിക്കിയില്‍ ഇട്ടാണ് പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. നിലവിലെ ഒരു മന്ത്രി കാറില്‍ ഉണ്ടായിരുന്നതായും ശക്തിധരന്‍ ആരോപിച്ചു.

മറ്റൊരവസരത്തില്‍ കോവളത്തെ ഒരു ഹോട്ടലില്‍ വച്ച് പത്ത് ലക്ഷം രൂപയുടെ രണ്ട് കെട്ടുകള്‍ ഈ ഉന്നതന്‍ കൈപ്പറ്റി. ഇതില്‍ ഒരു കവര്‍ പാര്‍ട്ടി സെന്ററില്‍ ഏല്‍പ്പിച്ചുവെന്നും ശക്തിധരന്റെ കുറിപ്പില്‍ പറയുന്നു. തനിക്കെതിരെ സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ ഇനിയും കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് ശക്തിധരന്റെ മുന്നറിയിപ്പ്‌.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.